ഗ്യാനേഷ് കുമാറിനെതിരായ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

insight kerala

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന് വാർത്തകൾ വന്നിരുന്നതായും പരാതിയിലുണ്ട്. എന്നാൽ, ആദ്യ അന്വേഷണത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല

ജീവിച്ചിരിപ്പില്ലാത്തയാൾ പറഞ്ഞതായുള്ള വിവരം കേട്ടുകേൾവി മാത്രമാകില്ലേയെന്ന സംശയം വിജിലൻസ് ഡയറക്ടർ ഉന്നയിച്ചിരുന്നു. എന്നാൽ, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മരിച്ചയാൾ ജീവിച്ചിരിക്കേ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ തെളിവായി സ്വീകരിക്കാമെന്നാണ് നിയമോപദേശം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article