Special Report
ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിൻ്റെ പരിപാടിയിൽ ക്ഷണിതാക്കളായി പങ്കെടുത്ത പ്രധാനപ്പെട്ട മൂന്നു സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ ആണ് ഇപ്പോൾ വാർത്തയിലെ തലക്കെട്ടിൽ നിറഞ്ഞുനിൽക്കുന്നത്. തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ പരിപാടിയിൽ ഔദ്യോഗിക വാഹനത്തിൽ എത്തിയാണ് വിസിമാർ പങ്കെടുത്തത്. മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെ പ്രതിപക്ഷം ഏറ്റുപിടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തി രൂക്ഷമായി വിമർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് ഇടതുപക്ഷ നേതാക്കളും വിസിമാരുടെ നടപടിയെ വിമർശിച്ച് രംഗത്ത് വന്നു. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന നീക്കത്തെ സർക്കാർ പിന്തുണയ്ക്കുന്നു എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ മുഖ്യമന്ത്രി രംഗത്തിറങ്ങി. മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ഈ ആവശ്യം ഉന്നയിച്ചു.
എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരിഹാസവുമായി ബിജെപി രംഗത്തുവന്നു. അങ്ങനെയെങ്കിൽ ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി തന്നെയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറുപ്പിന് താഴെയാണ് കെ സുരേന്ദ്രന്റെ കമന്റ്. വർഷങ്ങൾക്കു മുമ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് വിളക്ക് തെളിയിക്കുകയും ഗോൾവാൾക്കറെ വണങ്ങുകയും ചെയ്ത വി ഡി സതീശൻ്റെ ചിത്രം കഴിഞ്ഞ ഇടത് സർക്കാറിന്റെ കാലത്ത് സിപിഎം സൈബർ ഇടങ്ങളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ചിത്രമാണ്. പിണറായി വിജയൻറെ മേൽ ആർഎസ്എസിൻ്റെ വാൾ യുഡിഎഫ് ഉയർത്തുമ്പൊഴൊക്കെ, ഗോൾവാൾക്കറെ വണങ്ങുന്ന സതീശൻ്റെ ചിത്രമാണ് സിപിഎമ്മിന്റെ പ്രതിരോധകവചം. ആ ചിത്രം ഇപ്പോൾ ബിജെപിയും സതീശനെ ഓർമ്മപ്പെടുത്തുകയാണ്. കെ സുരേന്ദ്രൻ്റ കമന്റിന് തൊട്ടുതാഴെ ബിനീഷ് കോടിയേരിയും മറ്റൊരു പോസ്റ്റിട്ടു. ഇവർ രണ്ടുപേരുടെയും കുടുംബ കാര്യത്തിൽ ഇടപെടുന്നില്ല എന്ന പരിഹാസമാണ് ബിനീഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
എന്തായാലും മാപ്പ് പറയണം എന്ന് ആവശ്യപ്പെടുന്നതിനപ്പുറം വിസിമാർക്കെതിരെ നടപടിയെടുക്കാനൊന്നും സർക്കാരിനാവില്ല. കാരണം വിസിമാരുടെ നിയമന അധികാരി ചാൻസിലർ ആയ ഗവർണർ ആണ്. ഈ വിഷയത്തിൽ ഗവർണർ ഒരു ചെറുവിരൽ പോലും അനക്കില്ല എന്ന് മാത്രമല്ല, മാപ്പ് പറയാൻ ആവശ്യപ്പെട്ട സർക്കാരിനോട് ഉള്ളിൽ പക സൂക്ഷിക്കുകയും ചെയ്യും. ഈ വിഷയത്തിൽ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പ്രതിഷേധം രേഖപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് നിയമപരമായി ഒന്നും ചെയ്യാനാകില്ല.
അതേസമയം വൈസ് ചാൻസിലർമാർ ഒരു സർവ്വകലാശാലയുടെ ഏറ്റവും ഉന്നത പദവി വഹിക്കുന്നവരാണ്. വിജ്ഞാനവും മൂല്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന മഹത്തായ സർവ്വകലാശാലകളിൽ തങ്ങളുടെ ഉത്തരവാദിത്തം കാര്യപ്രാപ്തിയോടെയും ദീർഘവീക്ഷണത്തോടെയും അതിലേറെ നിഷ്പക്ഷതയോടെയും നിർവഹിക്കേണ്ടവർ. അവർ ഒരിക്കലും ഒരു പ്രത്യയശാസ്ത്രത്തിന്റെയോ സംഘടനയുടെയോ ഭാഗമാകാൻ പാടില്ല. ഇത്തരം നീതിബോധവും എത്തിക്‌സും ഇവിടെ എവിടെയാണ് പാലിക്കപ്പെടുന്നത്. അവനവൻ്റെ രാഷ്ട്രീയവും ജാതിമത ബോധവും വെളിപ്പെടുത്തുന്നത് അന്തസ്സും അഭിമാനവുമായി കാണുന്ന കാലം. അതിനായി മത്സരിക്കുന്നവർ. മാപ്പു പറയാനും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാനും ഇവിടെ ആർക്കാണ് അധികാരവും അർഹതയുമുള്ളത്. പണ്ട് പിണറായി സർക്കാരിന്റെ കാലത്ത് നവകേരള യാത്ര നടക്കുന്ന സമയം. യാത്ര മലബാറിൽ എത്തിയപ്പോൾ അവിടത്തെ യോഗത്തിൽ കസേരകൾ വലിച്ചിടാനും ശരിയാക്കാനും നിന്നത് ഒരു പ്രധാന സർവ്വകലാശാലയിലെ വൈസ് ചാൻസിലർ ആയിരുന്നു. ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.
ക

