കണ്ണൂർ: സിപിഎം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പയ്യന്നൂർ, തളിപ്പറമ്പ് എംഎൽഎമാരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും.തളിപ്പറമ്പ്, പയ്യന്നൂർ തോൽവി ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്ന് എംഎൽഎമാർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
“പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകങ്ങളിൽ നിന്നുള്ള ഒരു ചർച്ചയും സംസ്ഥാന കമ്മിറ്റി റിവ്യൂവിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ എം വി ഗോവിന്ദന്റെ നിലപാട്, സ്ഥാനാർത്ഥികളെ നിശ്ചയിച്ച തെറ്റായ രീതികൾ, മതേതരത്വ മനസുള്ള ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാനിടയായ സംഭവങ്ങൾ എന്നിവയെല്ലാം താഴേത്തട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. റിവ്യൂ റിപ്പോർട്ടിൽ ഇതൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. 27 സ്ഥാനാർത്ഥികളിൽ 24പേരും തോറ്റു. അതെല്ലാം പാർട്ടി മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളാണ്”.
“തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ തോൽവി തങ്ങൾ നേരത്തെ മുൻകൂട്ടി പറഞ്ഞതാണ്. തളിപ്പറമ്പിലും പയ്യന്നൂരിലും തോൽക്കാൻ കാരണം ജില്ലാ കമ്മിറ്റിയെന്നാണ് ഇപ്പോൾ പാർട്ടി നേതൃത്വം പറയുന്നത്. യഥാർത്ഥത്തിൽ ഇത് കബളിപ്പിക്കൽ ആണ്. പാർട്ടി വഞ്ചനയാണ്. സത്യം ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും മറച്ചുവെക്കലാണ്. ഇനിയെങ്കിലും ആർജ്ജവത്തോടെ പാർട്ടിയോടും ജനങ്ങളോടും പറഞ്ഞുകൂടെ, തങ്ങൾക്ക് തെറ്റുപറ്റിയെന്ന്. തെറ്റ് തിരുത്തുമെന്ന് എങ്ങനെ വിശ്വസിക്കും. ?പാർട്ടിയുടെ അപചയത്തിന് കാരണം നേതൃത്വം ആണ്.” ടി കെ ഗോവിന്ദൻ പറഞ്ഞു
“തെറ്റു പറ്റി എന്ന് പറയുമ്പോൾ എന്താണ് തെറ്റ് എന്ന് പറയാനുള്ള ബാധ്യത നേതൃത്വത്തിനില്ലേ? ഉൾപ്പാർട്ടി ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. പാർട്ടി ഏകാധിപത്യത്തിലേക്ക് പോവുകയാണ്. ഇന്ന് കാണുന്നത് അതാണ്”. വി കുഞ്ഞികൃഷ്ണൻ പറഞ്ഞു

