ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് (ടാങ്കർ) നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരിച്ചതായി കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഇറാനിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന കപ്പലിന് നേരെ തങ്ങളുടെ സൈന്യം കൃത്യതയാർന്ന ആക്രമണം (പ്രിസിഷൻ സ്ട്രൈക്ക്) നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു. ആക്രമണത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ന്യൂഡൽഹി, യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

