മലപ്പുറം: വീട്ടിൽ നിന്നും റോഡിലേക്കിറങ്ങി പിഞ്ചുകുഞ്ഞിനു രക്ഷകരായി ബസ് ജീവനക്കാർ. മലപ്പുറം കൊണ്ടോട്ടി വലിയ പറമ്പിലാണ് സംഭവം. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ഒരു വയസ്സുള്ള കുട്ടിയാണ് വീട്ടുകാർ അറിയാതെ ഗേറ്റ് കടന്ന് പുറത്ത് എത്തിയത്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണ് കുട്ടി ഇറങ്ങിയത്. കുട്ടിയെ റോഡിൽ കണ്ട ബസ് ജീവനക്കാർ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.
ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്. ബസിന്റെ ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയിൽ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.
കുട്ടി നല്ല തിരക്കുള്ള റോഡിൽ ഇരിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
