തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അപ്രതീക്ഷിതമായ വലിയ തിരിച്ചടി നേരിട്ടുവെന്നും രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40000ത്തോളം ഘടകകങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ അഭിപ്രായം കേട്ടശേഷമാണ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വലിയ തിരിച്ചടി സി.പി.എം നേരിട്ടു. അക്കാര്യം തന്നെയാണ് റിവ്യൂവിലും കണ്ടത്. ഇങ്ങനെയൊരു പരാജയം സി.പി.എമ്മിന് കേരളത്തിലുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്ന സ്വയം വിമർശനം അംഗീകരിച്ചു. താഴെ ഘടകങ്ങളിൽവരെ പരിശോധിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്തു. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർട്ടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളെയും പങ്കെടുപ്പിക്കും. ആഗസ്റ്റിൽ വിപുലമായ യോഗം ചേരും. ഇതിന് മുന്നോടിയായി, പാർട്ടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും. ഈ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ എല്ലാവരുടെയും പിന്തുണതേടും. വാട്സ്ആപ് നമ്പർ വഴിയും ഇമെയിൽ വഴിയും എല്ലാവർക്കും അഭിപ്രായങ്ങൾ അറിയിക്കാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകൾ സ്വയംവിമർശനപരായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾ പാർട്ടി തള്ളിക്കളഞ്ഞതാണ്. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായ മുസ്‍ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളിൽ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്ന തരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ സംഭവിച്ചു എന്ന് സ്വയം വിമർശനപരമായി വിലയിരുത്തി
അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണ്. എന്നാൽ സർക്കാരാണ് സംഘടിപ്പിച്ചതെന്ന വലതുപക്ഷപ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ആർ.എസ്.എസിന്റെ പ്രമുഖനായ വക്താവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായ നിലപാടിയിരുന്നില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതനായ എ. പത്മകുമാറിനോട് പാർടി വിശദീകരണം ചോദിക്കുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റി നിർത്തിയതുമാണ്. എന്നാൽ ആരോപണമുയർന്ന ഘട്ടത്തിൽതന്നെ കർശനമായ നടപടി സ്വീകരിച്ചില്ല എന്ന എതിരാളികളുടെ പ്രചാരണം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
30 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് നൽകി. ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് ബി.ജെ.പിക്ക് വിജയിക്കാൻ വോട്ട് നൽകുകയും ചെയ്യുന്ന ‘യു.ഡി.എഫ് -ബി.ജെ.പി ഡീൽ’ കണ്ടു. ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായ വളരെ പ്രധാനപ്പെട്ട കാര്യമാണത്. രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് സി.പി.എമ്മിനെതിരെ പ്രസംഗിച്ചത് ‘എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്നായിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് -ബി.ജെ.പി ഡീലിന്റെ ഭാഗമായുള്ള നിലപാടുകൾ പുറത്തുവന്നു. കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ്, രാഹുൽ ഗാന്ധി പിണറായിക്കെതിരായും കേന്ദ്ര ഏജൻസികൾ ഇടപെടണം എന്ന ആവശ്യവും പറഞ്ഞതെന്ന് ഇൻഡ്യ കൂട്ടായ്മയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ പറഞ്ഞകാര്യം പുറത്തുവന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

