കൊച്ചി: നടൻ സലിം കുമാറിൻ്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നടത്തവെ ഹൃദയാഘാതം വന്നതായാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലീം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു അന്ന് സലീം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

