ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കും . 12ലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉൾപ്പെടെ അഞ്ചുപേർ പദവി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മുതിർന്ന കാബിനറ്റ് മന്ത്രി കർണാടക അധ്യക്ഷ പദവിയിലേക്ക് എത്തും.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഒഴിയുമെന്നും റിപ്പോർട്ടുണ്ട്. പകരം രാജ്യസഭാംഗമായ സി സദാനന്ദൻ കേന്ദ്രമന്ത്രിയാകുമെന്നും സൂചന. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാനും മാറാനാണ് സാധ്യത.
മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായുള്ള സംഘടനാ മാറ്റങ്ങൾ ബി.ജെ.പി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷനായും, കോർപറേറ്റ് കാര്യ-റോഡ് ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബി.ജെ.പി പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഇവരുടെ മന്ത്രിസ്ഥാനങ്ങളിലേക്ക് പാർലമെന്റിലെ ഇരുസഭകളിൽ നിന്നുമുള്ള പുതിയ മുഖങ്ങൾ കടന്നുവരും.
കൂടാതെ ജെ.ഡി.യു, ടി.ഡി.പി, എൻ.സി.പി, ആർ.എൽ.എം തുടങ്ങിയ എൻ.ഡി.എ സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സഖ്യകക്ഷികളിലെ ഒന്നോ രണ്ടോ നേതാക്കൾക്ക് കാബിനറ്റ് പദവിയും മറ്റുള്ളവർക്ക് സഹമന്ത്രിസ്ഥാനവും ലഭിക്കാനാണ് സാധ്യത. ഇതിൽ ബിഹാറിൽ നിന്നുള്ള ഘടകകക്ഷികൾക്ക് സിവിൽ ഏവിയേഷൻ, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് എന്നീ മന്ത്രാലയങ്ങളിലെ സഹമന്ത്രിസ്ഥാനം നൽകിയേക്കും.

