മുൻ എംഎൽഎ കെ ടി ജലീൽ സിപിഎമ്മിൽ അംഗത്വം സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. സിപിഎമ്മിൽ സജീവമാകാനാണ് കെ ടി ജലീലിൻ്റെ തീരുമാനം. എൽഡിഎഫ് സ്വതന്ത്രനായാണ് ജലീൽ നിയമസഭാംഗമായിരുന്നത്. നാലുതവണ എംഎൽഎ ആയിരുന്നു. മുമ്പ് ജലീൽ പാർട്ടി അംഗത്വം എടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജലീൽ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. മുസ്ലിം ലീഗ് തിരിച്ചുവിളിച്ചാൽ മടങ്ങിപ്പോകും എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ജലീലിനെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ തള്ളി ജലീൽ തന്നെ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയവും ഇനിയില്ലെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കുറ്റങ്ങളും കുറവുകളും സ്വാഭാവികമാണെന്നും പാര്‍ട്ടി തെറ്റുകള്‍ തിരുത്തുമെന്നും ജലീൽ പറഞ്ഞു. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്ത് തോല്പിക്കുമെന്നും അവസാനം വരെ പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ച് മുന്നേറുമെന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയിരുന്നു.
അതിനു പിന്നാലെയാണ് സിപിഎമ്മിൽ അംഗത്വം എടുക്കാൻ തന്നെ ജലീൽ തയ്യാറാകുന്നത്.

