കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാത്രിയോടെ യൂണിവേഴ്സിറ്റിക്ക് മുന്നിൽ എസ്എഫ്ഐ- കെ എസ് യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. തുടർന്ന് എസ്എഫ്ഐയുടെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. തലസ്ഥാനത്ത് തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യം. പോലീസ് ശ്രമിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകുന്നില്ല. ജലപീരങ്കി നിരവധി തവണ പ്രയോഗിച്ചു. പോലീസ് ലാത്തി വീശിയിട്ടും പ്രവർത്തകർ തിരിഞ്ഞു പോകുന്നില്ല. എ എ റഹീം എംപി അടക്കമുള്ളവർ സംഘർഷ സ്ഥലത്ത് എത്തി. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പാളയത്താണ് ഇപ്പോൾ സംഘർഷം നടക്കുന്നത്.
പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമം നടത്തുന്നുവെന്ന് ആരോപിച്ചു. പോലീസ് പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ല എന്നാണ് പരാതി. പോലീസ് ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തിയെന്ന് എ എ റഹീം ആരോപിച്ചു. എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ ഏകപക്ഷീയമായി കല്ലേറ് നടന്നിട്ടും പോലീസ് ഇടപെട്ടില്ല എന്നും പരാതി.
