നവ കേരള യാത്രക്കിടെ ആലപ്പുഴയിൽ വച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ കൂടുതൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംഎൽഎ സി ഡി തോമസ്. എഡിജിപി എം ആർ അജിത് കുമാറിനെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. കേസ് അട്ടിമറിക്കാൻ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. എസ്ഐടി കേസ് പുനരന്വേഷിച്ചപ്പോൾ ആദ്യം റിപ്പോർട്ട് നൽകിയ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ക്രമസമാധാന ചുമതല ഉണ്ടായിരുന്ന ADGP എം ആർ അജിത് കുമാർ റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഗുരുതരമായ ചട്ടലംഘനമാണ് അജിത്കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ് ഐ ടി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വകുപ്പ് തല നടപടികളിലേക്ക് കടന്നേക്കും . അതുകൊണ്ടാണ് നിയമനടപടി ശക്തമാക്കാൻ സി ഡി തോമസ് എംഎൽഎ തയ്യാറെടുക്കുന്നത്.
