ശ്രീനാദേവിക്ക് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയും കൈവിട്ടതോടെ നടപടി ശക്തമാക്കി പോലീസ്

insight kerala

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അതിക്രമത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന. പൊലീസിന് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം മാറ്റാനാണ് ആലോചന. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതിചേർക്കാനും തീരുമാനമായിട്ടുണ്ട്. പത്തനംതിട്ട എസ്.പി ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി.

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റേഷനിൽ സംഘർഷവും അതിക്രമവും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും ശക്തമായത്.

സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷൻ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും ശ്രീനാദേവി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വനിതാ നേതാവിന്‍റെ വിശദീകരണം. എന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂട്യൂബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തു. അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ല. മറിച്ച്, അവിടെ നടന്ന സംഭവങ്ങളിൽ ഏതെങ്കിലും നിയമപരമായ തെറ്റ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയുമാണ്- ശ്രീനാദേവി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article