കേരളത്തിന്റെ പ്രതീക്ഷകളിലേക്ക് വി.ഡി. സതീശൻ ഇന്ന് പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശക്തമായ സുരക്ഷാ വലയത്തിലാണ് സെൻട്രൽ സ്റ്റേഡിയവും പരിസരവും. നഗരത്തിൽ ഗതാഗത നിയന്ത്രണം രാവിലെ മുതൽ ഏർപ്പെടുത്തി. പാസ് ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അണികളുടെ ആവേശത്തെ തുടർന്ന് അകത്തേക്ക് പ്രവേശിക്കാൻ തിക്കുംതിരക്കും അനുഭവപ്പെടുന്നു. രാവിലെ ആറര മുതൽ സ്റ്റേഡിയത്തിനകത്തേക്ക് തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നഗരത്തിൽ പ്രധാന വഴികൾ എല്ലാം പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാത്രമേ ഗതാഗതം പഴയ രീതിയിലാകുകയുള്ളൂ.
അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ തലസ്ഥാനത്തെത്തും. ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിനെത്തും.
