മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കെപിസിസി പ്രസിഡൻ്റിനേയും പ്രഖ്യാപിക്കും. സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി കെപിസിസി അധ്യക്ഷനായി പുതിയ ഒരാൾക്ക് ചുമതല നൽകാനാണ് നീക്കം. കെപിസിസി അധ്യക്ഷപദവിയിലേക്ക് അഞ്ചു പേരാണ് കാത്തിരിക്കുന്നത്. ബന്നി ബഹനാൻ , കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് , ഷാഫി പറമ്പിൽ , ആൻ്റോ ആൻ്റണി എന്നിവരാണ് പട്ടികയിൽ ഉള്ളത്.
കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷസ്ഥാനത്തിന് അർഹതയുണ്ടെന്നും എന്നാൽ പലതവണ മാറ്റിനിർത്തപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് ഖാർഗെയെ അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അർഹമായ പദവി നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
KPCC പ്രസിഡൻ്റായി സണ്ണി ജോസഫിനെ പ്രഖ്യാപിച്ച സമയത്ത് ഉയർന്നു വന്ന പേരായിരുന്നു ആൻ്റോ ആൻറണിയുടേത്. അതുകൊണ്ടുതന്നെ ആൻ്റോ ആൻറണിക്കും മുൻഗണനയുണ്ട്. അതേസമയം ഷാഫി പറമ്പിന്റെ പേരും സജീവമായി തന്നെ പറഞ്ഞു കേൾക്കുന്നുണ്ട്. സാമുദായിക പരിഗണന മുന്നിൽകണ്ട് അടൂർ പ്രകാശും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അതേസമയം ബെന്നി ബഹനാൻ്റെ പേരാണ് പട്ടികയിൽ ഒന്നാമതായി ഉള്ളത്. സാമുദായിക പരിഗണനയും മധ്യകേരളത്തിൽ നിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് എ ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

