തുടര്‍ഭരണ പ്രതീക്ഷ അസ്തമിച്ച് സിപിഎം; മുസ്‌ലീം വോട്ടുകളും ഭരണവിരുദ്ധ വികാരവും പണി തന്നുവെന്ന് ഒടുവില്‍ സിപിഎം തിരിച്ചറിയുന്നു; ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; അടുത്ത പ്രതിപക്ഷ നേതാവ് ആര്?

insight kerala

special report

എം മാധവദാസ്

കോഴിക്കോട്: എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ തുടര്‍ഭരണ പ്രതീക്ഷ മങ്ങി സിപിഎം. മുസ്‌ലീം വോട്ടുകളും ഭരണവിരുദ്ധ വികാരവും പണി തന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഒരു വിരമിക്കല്‍ മൂഡിലാണ് ഇപ്പോള്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ടും കത്തുകളിലൂടെയും നന്ദി അറിയിച്ച മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ വിരമിക്കലിന്റെ മുന്നോടിയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. എക്സിറ്റ് പോളുകള്‍ ഭരണമാറ്റം പ്രവചിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ വിടവാങ്ങല്‍ ശൈലിയിലുള്ള നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വ്യക്തിപരമായി നന്ദി അറിയിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സര്‍ക്കാരിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി വകുപ്പ് മേധാവികള്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഒരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നീക്കം ഫലപ്രഖ്യാപനത്തിന് മുന്‍പ് ഉണ്ടാകാറില്ല. തോല്‍വി മുന്നില്‍ക്കണ്ട് അദ്ദേഹം സ്വയം പിന്മാറാന്‍ തയ്യാറെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് യാത്ര പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നു. സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറെ കണ്ട് നന്ദി അറിയിച്ചതും അസ്വാഭാവികമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷ നേതാവ് ആര്?

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം ക്യാമ്പുകളില്‍ അസാധാരണമായ മൗനം പടര്‍ന്നിട്ടുണ്ട്. ഇതോടെ അടുത്ത പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യവും സിപിഎമ്മില്‍ ഉയരുന്നുണ്ട്.
എല്‍.ഡി.എഫിവ് വലിയ തിരിച്ചടിയുണ്ടാവുകയാണെങ്കില്‍, സി.പി.എമ്മില്‍ വലിയ രീതിയിലുള്ള നേതൃമാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടരുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം സ്ഥാനമൊഴിയുമെങ്കിലും, പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്നത് സംശയമാണ്. ഇത്രയും കാലം സര്‍ക്കാരിനെയും പാര്‍ട്ടിയെയും നയിച്ച ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനോ അല്ലെങ്കില്‍ പാര്‍ട്ടി ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കാനോ ഉള്ള സാദ്ധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

പിണറായി പ്രതിപക്ഷ നേതാവാകാന്‍ തയ്യാറല്ലെങ്കില്‍, അടുത്ത തലമുറയിലെ പ്രമുഖ നേതാക്കള്‍ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. നിലവിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും സാധ്യതയുള്ള നേതാവായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, പി. രാജീവ്, എം.ബി. രാജേഷ് തുടങ്ങിയ യുവനേതാക്കള്‍ക്കും പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കാം. പക്ഷേ ഈ നേതാക്കളും പരാജയ ഭീതി നേരിടുന്നവരാണ്. കെ കെ ശൈലജടീച്ചര്‍ ജയിക്കയാണെങ്കില്‍ അവര്‍ ആയിരിക്കും പ്രതിപക്ഷ നേതാവ് എന്നും ചര്‍ച്ചയുണ്ട്. പാര്‍ട്ടിക്ക് തിരിച്ചടി നേരിടുകയാണെങ്കില്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും കാര്യമായ അഴിച്ചുപണികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, പാര്‍ട്ടിയിലെ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂ.

Share This Article