സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുുടെ സാഹചര്യമാണുള്ളത്. മിക്കയിടങ്ങളിലും ദിവസവും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 15 മിനിറ്റിന് മുകളിലാണ് നിയന്ത്രണം. വൈദ്യുതി ഉപയോഗവും ആവശ്യകതയും വൻതോതിൽ കൂടിയതോടെയാണ് നിയന്ത്രണം. ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ് നിയന്ത്രണം. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങിയത്. മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ഒരാഴ്ച മുൻപുതന്നെ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ആരംഭിച്ചതായാണ് വിവരം.
എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നാണ് കെ എസ് ഈ ബി പറയുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുക മാത്രമാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ രാത്രിയിൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
നാളെ മുതല്‍ പുറത്ത് നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 200മെഗവാട്ടിന്റെ കുറവ് കൂടി ഉണ്ടാവും. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങാനും വൈദ്യുതി ലഭ്യമല്ല. ഇതോടെ അപ്രഖ്യാപിത ലോഡ് ഷെഡിങിന്റെ ദൈര്‍ഘ്യം കൂടും.

