മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജി പിൻവലിച്ച് ബി. ഉണ്ണികൃഷ്ണൻ. ഏപ്രിൽ 24 വെള്ളിയാഴ്ചയാണ് 21 തൊഴിലാളി യൂണിയനുകളുടെ മാതൃസംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചത്. എന്നാൽ കൊച്ചിയിൽ ചേർന്ന അടിയന്തര ജനറൽ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്കൊടുവിൽ ബി. ഉണ്ണികൃഷ്ണൻ രാജി പിൻവലിക്കാനും പുതുക്കിയ ചുമതലകളോടെ സ്ഥാനത്ത് തുടരാനും തീരുമാനിക്കുകയായിരുന്നു.
സംഘടനയിലെ ഏറ്റവും നിർണ്ണായക വ്യക്തിത്വങ്ങളിലൊരാളായ ഉണ്ണികൃഷ്ണന്റെ പെട്ടെന്നുള്ള രാജി ഫെഫ്കയെ പ്രതിസന്ധിയിലാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പുതിയ നേതൃത്വം ഉയർന്നുവരണമെന്നും പുതിയ മുഖങ്ങൾക്ക് വഴിമാറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ സൂചിപ്പിച്ചു.
മലയാള സിനിമയിലെ പ്രബല സംഘടനയായ ഫെഫ്കയുടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നയിക്കുന്നത് മുതിർന്ന സംവിധായകൻ സിബി മലയിലാണ്. 2008 മുതൽ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ഇതിനു മുൻപും അദ്ദേഹം സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് തുടരുകയായിരുന്നു. ഇത്തവണയും ജനറൽ കൗൺസിൽ അംഗങ്ങൾ ബി. ഉണ്ണികൃഷ്ണൻ തുടരണമെന്ന് ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.

