ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ കല്ല് കൊണ്ട് തലക്കടിച്ചു അജ്ഞാതനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.. അരുവിക്കര സ്വദേശി മധുസൂദനൻ നായരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങിയത് തിരിച്ചു നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി കുറ്റം സാമ്മതിച്ചതായും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് 60 വയസ് പ്രായം തോന്നിക്കുന്നയാളെ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസെടുത്ത പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മധുസൂദനനാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ട പോലീസ് ഊർജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. അജ്ഞാതൻ മരിച്ചെന്ന് മനസിലാക്കിയ ഇയാൾ ചെർപ്പുളശ്ശേരി ഭാഗത്തേക്കാണ് കടന്നിരുന്നത്. ഷൊർണൂർ ഡി വൈ എസ് പി സജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
