നാഗർകോവിലിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ

insight kerala

തിരുവനന്തപുരം/കന്യാകുമാരി: തമിഴ്‌നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രധാനമന്ത്രി വീണ്ടും തമിഴ്‌നാട്ടിൽ എത്തുന്നത്.

ഉച്ചയ്ക്ക് വിമാനമാർഗം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് നാഗർകോവിലിലേക്ക് തിരിക്കുക. എആർ ക്യാമ്പിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന നരേന്ദ്ര മോദി വൈകിട്ട് മൂന്നിനാണ് റോഡ് ഷോയിൽ പങ്കെടുക്കുക. വേപ്പമൂട് കാമരാജ് പ്രതിമ ജംക്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഒരു കിലോമീറ്റർ സഞ്ചരിച്ച് വടശേരി എംജിആർ പ്രതിമ ജംക്ഷനിൽ റോഡ് ഷോ അവസാനിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമ്പതിനായിരത്തിലധികം ബിജെപി പ്രവർത്തകർ നാഗർകോവിലിൽ എത്തും. ജില്ലയിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും. വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നാഗർകോവിലിൽ ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നത്. നേരത്തെ നരേന്ദ്ര മോദി ഇവിടെ പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും റോഡ് ഷോ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ഇത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് 2000 രൂപയും മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകളും അടക്കം വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗർകോവിലിൽ റോഡ് ഷോ നടക്കുന്നത്.

ദ്രാവിഡ പാർട്ടികൾക്ക് ശക്തമായ സ്വാധീനമുള്ള തമിഴ്‌നാട്ടിൽ ഇത്തവണ നിർണായക മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി ദേശീയ നേതാക്കൾ തമിഴ്‌നാട്ടിൽ തുടർച്ചയായി സന്ദർശനം നടത്തുന്നുണ്ട്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ മുൻനിർത്തിയാണ് ബിജെപി വോട്ട് തേടുന്നത്.

Share This Article