special report- politics
എം മാധവദാസ്
തിരുവനന്തപുരം: യുഡിഎഫ് നൂറുസീറ്റ് നേടി ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനമാസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവര്‍ത്തിക്കാറുള്ളതാണ്. ഇടക്ക് യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ വനവാസം എന്ന് ഒന്ന് തിരുത്തിയത് ഒഴിച്ചാല്‍, വി ഡി അതില്‍ ഉറച്ച് നില്ക്കയാണ്. പക്ഷേ അതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകത്തുനിന്ന് കടുത്ത തിരയിളക്കങ്ങള്‍ തുടങ്ങിയത്. യുഡിഎഫിന് 80 ഓളം സീറ്റുകള്‍ മാത്രം കിട്ടുകയാണെങ്കില്‍, ലീഗിന്റെ സഹായത്തോടെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി കെ സി ക്യാമ്പ് കരുനീക്കങ്ങള്‍ നടത്തുകയാണ്.
വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗും തയ്യാറാകമെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. നിലവില്‍ എം.എല്‍.എ അല്ലാത്ത കെ.സി മുഖ്യമന്ത്രി പദമേറ്റെടുത്താല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുസ്ലീം ലീഗിന്റെ അടിയുറച്ച കോട്ടകളിലൊന്നായ കൊണ്ടോട്ടി മണ്ഡലം ഉറപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ യാതൊരുവിധ രാഷ്ട്രീയ അട്ടിമറികളും സംഭവിക്കാത്ത സുരക്ഷിത മണ്ഡലം വേണമെന്ന കെ.സി പക്ഷത്തിന്റെ താല്‍പ്പര്യമാണ് കൊണ്ടോട്ടിയിലേക്ക് നീളുന്നത്. മുന്‍പ് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍ മത്സരിച്ച് വിജയിച്ചതിന് സമാനമായ ഒരു നീക്കമാണ് ഇവിടെയും ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ സുരക്ഷിത താവളമാണെങ്കിലും അവിടെ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളും പ്രാദേശിക എതിര്‍പ്പുകളും കെ.സി ക്യാമ്പ് ഭയക്കുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ അത്തരം വെല്ലുവിളികളില്ലാത്തതും മുസ്ലീം ലീഗ് നേതൃത്വവുമായി കെ.സിക്കുള്ള അടുത്ത ബന്ധവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
.ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ.സി കേരള മുഖ്യമന്ത്രിയാകുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടാകില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പില്‍ കെ.സിയെ മത്സരിപ്പിക്കുന്നതിലൂടെ യു.ഡി.എഫിനുള്ളിലെ ഐക്യം കൂടുതല്‍ ശക്തമാകുമെന്നും ലീഗ് കരുതുന്നു. മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാല്‍ കരുനീക്കം നടത്തുമ്പോള്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയും പിന്‍വാങ്ങാന്‍ തയ്യാറല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് വി.ഡി സതീശന് മുഖ്യമന്ത്രി കസേരയ്ക്കായി സജീവമായുണ്ട്.
സതീശന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കെ.സി ക്യാമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു. അതേസമയം, മുതിര്‍ന്ന നേതാവായ ചെന്നിത്തലയ്ക്കും ഇത്തവണ മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. ഈ തര്‍ക്കത്തിനിടെയില്‍ ഒരു സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കെസിയുടെ പേര് ഉയരുന്നത്. വി ഡി സതീശനോട് കേരളത്തിലെ സമുദായനേതാക്കള്‍ അടക്കം ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന് 100 സീറ്റ് കിട്ടുക എന്നത് ഇപ്പോള്‍ സതീശന്റെ അവശ്യമാവുകയാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം കുറഞ്ഞാല്‍ ലീഗുമായി ചേര്‍ന്ന്, കെ സി വിഭാഗം സതീശനെ വെട്ടുമെന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

