കണ്ണൂർ : കണ്ണൂർ കൊളച്ചേരി നൂന്നേറിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു. ചേലേരി സ്വദേശികളായ അബ്ദുൽ ഗഫൂർ, രാജേഷ് എന്നിവരാണ് മരിച്ചത്. കിണറ്റിൽ ഇറങ്ങുന്നതിനിടെ വടം പൊട്ടി വീണാണ് അപകടം.
മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം പുതിയ കിണർ കുഴിക്കുന്ന ജോലികൾക്കിടെയാണ് അപകടം സംഭവിച്ചത്. കിണർ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർ അപ്രതീക്ഷിതമായി പൊട്ടി ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഏറെ ആഴമുള്ള കിണറായതിനാൽ വീഴ്ചയുടെ ആഘാതത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. കിണറ്റിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാൻ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് നടന്നത്. ഇരുവരെയും ഉടൻ തന്നെ പുറത്തെടുത്ത് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

