special report election
എം മാധവദാസ്
ബിജെപിയുടെ ചിരകാല അഭിലാഷങ്ങളിലൊന്നത് തമിഴ്‌നാട്ടിലേക്ക് ശക്തമായി കടന്നുകയറണമെന്ന്. എന്നാല്‍ മുഖ്യധാരാ ദ്രാവിഡ പാര്‍ട്ടികളില്‍ തട്ടി അത് തകരുകയായിരുന്നു. എന്നാല്‍ ഇത്തവണ ബിജെപിയും എഐഎഡിഎംകെയും അടങ്ങുന്ന എന്‍ഡിഎ സഖ്യം തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെ വലിയ രീതിയില്‍ ഡിഎംകെയുടെ വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് ഭീതി. അഭിപ്രായ സര്‍വേകളില്‍ സ്റ്റാലിനും കൂട്ടര്‍ക്കും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇതോടെ തമിഴകത്ത് പ്രതീക്ഷയോടെ ബിജെപി- എഐഡിഎംകെ സഖ്യം പ്രതീക്ഷയിലാണ്.
ഡിഎംകെയില്‍ അങ്കലാപ്പ്
കഴിഞ്ഞ തവണത്തെപ്പോലെ ഡിഎംകെക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല ഇത്തവണ എന്ന് ഉറപ്പാണ്. നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം എന്ന ടി വി കെ മത്സരിക്കുന്നത് ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2026 ഏപ്രിലില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അഭിപ്രായ സര്‍വേ ഫലങ്ങളും ഈ അവസ്ഥയാണ് കാണിക്കുന്നത്. ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ യുവാക്കള്‍, ദളിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിജയിക്ക് വലിയ സ്വാധീനമുണ്ട്.
വിജയിന്റെ ആരാധകവൃന്ദത്തില്‍ വലിയൊരു ഭാഗം എഐഎഡിഎംകെയുടെ വോട്ട് ബാങ്കുകളുമായി ചേര്‍ന്നുനില്‍ക്കുന്നവരാണ്. അതിനാല്‍ പ്രതിപക്ഷ വോട്ടുകളും വിഭജിക്കപ്പെടുമെന്ന് ആശങ്കയുണ്ട്. തമിഴ്നാട്ടിലെ ഡിഎംകെ-എഐഎഡിഎംകെ എന്ന ദ്വിമുഖ രാഷ്ട്രീയത്തെ മാറ്റിമറിച്ച് ഒരു മൂന്നാം ബദലായി ഉയരാനാണ് വിജയ് ശ്രമിക്കുന്നത്. നേരത്തെ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ക്ഷണം വിജയ് നിരസിച്ചിരുന്നു.
2026ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ കടുത്ത മത്സരം എന്നാണ് വിലയിരുത്തുന്നത്. മാട്രിസ് സര്‍വേ എഐഎഡിഎംകെ സഖ്യം 1141-27 സീറ്റുകള്‍ നേടി മുന്നിലെത്തുമെന്ന് പ്രവചിക്കുന്നു. ഡിഎംകെ സഖ്യത്തിന് 104-114 സീറ്റുകള്‍ ലഭിക്കുമെന്നും ഈ സര്‍വേ പ്രവചിക്കുന്നു. വിജയിന്റെ ടിവികെ 6 മുതല്‍ 12 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇതിലെ കണ്ടെത്തല്‍.പാരാവീല്‍ സര്‍വേയില്‍ വിജയിന്റെ പാര്‍ട്ടി സംസ്ഥാനത്തെ മൂന്നാം ശക്തിയായി മാറുമെന്നും ഏകദേശം 13.6% വോട്ട് വിഹിതം നേടുമെന്നും പറയുന്നു. എഎന്‍എസ് സര്‍വേ ഡിഎംകെ സഖ്യം 44.9% വോട്ടോടെ അധികാരത്തില്‍ തുടരുമെന്നും ടിവികെക്ക് 9.7% വോട്ട് ലഭിക്കുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 സര്‍വേയില്‍ ഡിഎംകെ സഖ്യം നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഡിഎംകെ സഖ്യത്തിന് 113 മുതല്‍ 123 വരെ സീറ്റുകള്‍ നേടാം. ുവോട്ട് വിഹിതം ഏകദേശം 40.1% ആയിരിക്കുമെന്നും കണക്കാക്കുന്നു.ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന എഐഎഡിഎംകെ സഖ്യം 106 മുതല്‍ 116 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇവരുടെ വോട്ട് വിഹിതം 38.1% ആയിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. നടന്‍ വിജയിന്റെ പാര്‍ട്ടി 2 മുതല്‍ 8 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എങ്കിലും, ഏകദേശം 14.8% വോട്ട് വിഹിതം നേടിക്കൊണ്ട് ഒരു നിര്‍ണ്ണായക മൂന്നാം ശക്തിയായി ടിവികെ മാറുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിന് 39.9% പേരുടെ പിന്തുണ ലഭിച്ചപ്പോള്‍, എടപ്പാടി പളനിസ്വാമിക്ക് 37.5% പേരുടെ പിന്തുണയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് സ്റ്റാലിന് തൊട്ടുപുറകില്‍ തന്നെ പളനി സ്വാമിക്ക് എത്താനായി. വിജയിന്റെ പാര്‍ട്ടിയുടെ കടന്നുവരവ് ഒരു ത്രികോണ മത്സരത്തിന് വഴിയൊരുക്കുമെന്നും യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും പിന്തുണ ടിവികെക്ക് നിര്‍ണ്ണായകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

