കേരളം ഏറെ ചർച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള സ്പെഷ്യൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. ര അഭിമുഖത്തിന്റെ നിർമ്മാണത്തിനായി ചിലവായ തുക സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകൾ പ്രകാരം 11,21,000 രൂപയാണ് ഈ പരിപാടിക്കായി സർക്കാർ ചിലവിട്ടത്.
തിരുവല്ല സ്വദേശി റിജോ വള്ളംകുളം നൽകിയ അപേക്ഷയിലാണ് സർക്കാർ തുക സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. സാധാരണഗതിയിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരം പരിപാടികൾ ഷൂട്ട് ചെയ്യാറുള്ളതെങ്കിലും, ഈ അഭിമുഖത്തിന് സർക്കാർ സംവിധാനങ്ങൾ നേരിട്ട് ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് സർക്കാർ ഫണ്ട് വിനിയോഗിച്ച് സ്വകാര്യ പ്രൊഡക്ഷൻ രീതിയിലാണ് പൂർത്തിയാക്കിയതെന്നും രേഖകളിൽ പറയുന്നു. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ ടീമാണ് ഈ അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തേക്കാൾ ഉപരി അദ്ദേഹത്തിന്റെ വ്യക്തിജീവിതവും മോഹൻലാലുമായുള്ള സൗഹൃദവുമാണ് പരിപാടിയിൽ ഹൈലൈറ്റ് ചെയ്യപ്പെട്ടത്.
പ ഇതൊരു പബ്ലിക് റിലേഷൻസ് (PR) സ്റ്റണ്ട് ആണെന്നും ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

