മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടുത്തം; മണിക്കൂറുകൾക്കുള്ളിൽ 5 രോഗികൾ മരിച്ചതായി സ്ഥിരീകരണം; പരാതിയുമായി ബന്ധുക്കൾ രംഗത്ത്

AnilKumar BalaKrishnan

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീപിടിത്തശേഷം മണിക്കൂറുകള്‍ക്കുളളില്‍ ഇവിടെ ചികില്‍സയിലുണ്ടായിരുന്ന അഞ്ചു രോഗികളുടെ മരണം സ്ഥിരീകരിച്ചു. തീപടര്‍ന്ന വെന്‍റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്ന യുവാവും മരിച്ചു. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്‍റിലേറ്ററില്‍ അഗ്നിബാധയുണ്ടായത് ചൊവ്വാഴ്ചയാണ്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ ഒഴിപ്പിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ തൊട്ടടുത്ത മണിക്കൂറുകളില്‍ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി 38കാരന്‍ സനീഷ്, ഒാട്ടോ ഇടിച്ച് പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി , കാര്‍ ഓട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. അപകടശേഷം നില മെച്ചപ്പെട്ട സനീഷ് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തീപിടിച്ച വെന്‍റിലേറ്ററില്‍ ചികില്‍സയിലിരുന്ന സനീഷിന് തീപിടിത്തശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നു. ബുധനാഴ്ച് മരണം സ്ഥിരീകരിച്ചു.

മരിച്ച കൃഷ്ണന്‍കുട്ടിയുടെ ബന്ധുക്കളും സമാന അനുഭവം വിവരിക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാല്‍ മരണങ്ങള്‍ രഹസ്യമാക്കി വച്ച ആശുപത്രി അധികൃതര്‍ മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്. കോ ഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായപ്പോഴും മരണങ്ങള്‍ ഒളിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

Share This Article