വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സിംഗപ്പുരില്‍നിന്നു കൊണ്ടുവന്ന 1.86 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവ ഡോക്ടര്‍മാര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34) , കണ്ണൂര്‍ സ്വദേശി ലിബിന്‍ദാസ് (27) എന്നിവരാണ് പിടിയിലായത്.
ലിബിന്‍റെ കൈവശമുണ്ടായിരുന്ന ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ആറ് കവറുകളിലായിട്ടാണ് മയക്കുമരുന്ന് കണ്ടെത്തിയത് . സിംഗപ്പുരിൽനിന്നു കഴിഞ്ഞ ദിവസം രാത്രി എത്തിയ സ്‌കൂട്ട് വിമാനത്തിലെ യാത്രികരായിരുന്നു പിടിയിലായ ഇരുവരും. ചൈനയിലെ വൂഹാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവരാണ് ആനന്ദും ലിബിന്‍ദാസും.
ആഴ്ചകള്‍ക്കു മുമ്പ് തായ്‌ലന്‍ഡിലെത്തിയ ആനന്ദ് ജയപ്രകാശ് അവിടെനിന്നു ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിംഗപ്പുരിലെത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ ആനന്ദിന്‍റെ ജൂനിയറായിരുന്ന ലിബിന്‍ദാസിനെ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കണ്ടുമുട്ടിയത്. തായ്‌ലന്‍ഡില്‍നിന്നു മടങ്ങിയെത്തുന്നവരുടെ ലഗേജുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ ലഗേജ് പുറത്തിറക്കാന്‍ സഹായിക്കണമെന്ന് ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.
അതുപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇരുവരും ലഗേജുകള്‍ പരസ്പരം കൈമാറുകയും ലിബിന്‍റെ ലഗേജുമായി ആനന്ദ് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തു കടക്കുകയുമായിരുന്നു.
എന്നാല്‍ കസ്റ്റംസ് പരിശോധയ്ക്കിടെ ലിബിന്‍റെ കൈവശമുണ്ടായിരുന്ന ആനന്ദിന്‍റെ ലഗേജില്‍ നിന്നും പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു . ലിബിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
വിമാനത്താവളത്തില്‍ നിന്നു രക്ഷപ്പെട്ട ആനന്ദ് ജയപ്രകാശിനെ കസ്റ്റംസിന്‍റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടുകയായിരുന്നു. ലിബിനെ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

