fact check
എം മാധവദാസ്
ഇപ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയാണ് ആറുവിരലുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടേത്. കഴിഞ്ഞ ദിവസമാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്. ചിലയിടങ്ങളില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതുപോലെ കാണാം. ഇത് കാണിച്ചുകൊണ്ടാണ് ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തുന്നത്. ഇത് മൊസാദ് ഇറക്കിയ ഫേക്ക് വീഡിയോ ആണെന്നും, നെതന്യാഹു നേരത്തെ തന്നെ കൊല്ലപ്പെട്ടുവെന്നു, ഇപ്പോള്‍ ബോഡി ഡബിളിനെ ഇറക്കിയരിക്കയാണ് എന്നൊക്കെയാണ് പ്രചാരണം.
നെതന്യാഹുവിന്റെ ഈ വീഡിയോ എഐ നിര്‍മ്മിതമെന്നും ചര്‍ച്ചകളുണ്ട്. അദ്ദേഹം മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേല്‍ എഐ വീഡിയോ നിര്‍മിച്ചത് എന്നും നെതന്യാഹു ശരിക്കും എവിടെയാണ് എന്നും ചര്‍ച്ചകളുണ്ട്. അപ്പോഴും ആറ് വിരലുകള്‍ എങ്ങനെയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പകളിലാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.
അത് കാഴ്ചാ ഭ്രമം മാത്രം
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. അദ്ദേഹം സുരക്ഷിതനാണെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തുടരുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 13-ന് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയിലെ ഒരു സ്ക്രീന്‍ഷോട്ടാണ് ഈ വിവാദത്തിന് കാരണമായത്. ഒരു പ്രത്യേക ആംഗ്യം കാണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ആറ് വിരലുകള്‍ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.ഇത് നെതന്യാഹുവിന്റെ കൈയുടെ പ്രത്യേക ആംഗ്യവും ക്യാമറ ആംഗിളും നിഴലുകളും ചേര്‍ന്നുണ്ടായ ഒരു കാഴ്ചാഭ്രമം (മാത്രമാണെന്ന് വസ്തുതാ പരിശോധകര് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോ വിശദമായി പരിശോധിച്ചാല്‍ അദ്ദേഹത്തിന് സാധാരണ പോലെ അഞ്ച് വിരലുകള്‍ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാകും.
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് ഇറാന് അനുകൂല മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് തെളിവായി എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ചിത്രങ്ങളും വീഡിയോകളും ഇവര്‍ ഉപയോഗിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും നെതന്യാഹു പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

