അവസാന മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ’.2024 ഡിസംബർ 31 വരെയുള്ള എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ Amnesty Scheme പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.
നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ മാർച്ച് 30ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. 2025 ഒക്ടോബർ ഒന്നു മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് അനുവദിച്ചിട്ടുള്ളത്. മുതലപ്പൊഴിയില്‍ മണല്‍ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി 2000/- രൂപ പെൻഷൻ
അനുവദിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു. കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. പരിക്കേറ്റയാളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വാഹന പിഴയിൽ 50 % ഇളവ്; 1857 അധ്യാപക തസ്തികകൾ; പതിനായിരം കർഷകർക്ക് കൂടി 2000 രൂപ പെൻഷൻ

