എലത്തൂര്‍ ഈഴവ മണ്ഡലം; ഒരു ഈഴവസ്ഥാനാര്‍ത്ഥി വന്നാലേ ജയ സാധ്യതയുള്ളൂ; പാര്‍ട്ടിയില്‍ കലഹം രൂക്ഷമായിരിക്കേ ശശീന്ദ്രന്‍ ജാതി കാര്‍ഡ് പുറത്തെടുക്കുന്നുവെന്ന് ആക്ഷേപം; 80-ാം വയസ്സിലും മന്ത്രി വീണ്ടും മത്സരിക്കുന്നു!

AnilKumar BalaKrishnan

ഇലക്ഷന്‍ സെപ്ഷ്യല്‍

എം മാധവദാസ്

കോഴിക്കോട്: എലത്തൂരില്‍ സീറ്റില്‍ ഒരു തവണ കൂടി മത്സരിക്കുന്നതിനായി മന്ത്രി എ.കെ ശശീന്ദ്രന്‍ ജാതികാര്‍ഡ് പുറത്തെടുക്കുന്നതായി ആക്ഷേപം. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ ഘട്ടത്തിലാണ് മന്ത്രി ജാതീയ പ്രചരണം നടത്തുന്നതായ പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് എത്തുന്നത്. എലത്തൂര്‍ ഈഴവ മണ്ഡലമാണെന്നും താന്‍ അല്ലെങ്കില്‍ മറ്റൊരു ഈഴവ വിഭാഗത്തിലെ ആളുകള്‍ വന്നാലേ മണ്ഡലത്തില്‍ വിജയമുള്ളൂവെന്നാണ് ശശീന്ദ്രനും സംഘവും പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. ഈ പ്രചരണം സിപിഎമ്മിന് മുന്നിലും ശശീന്ദ്രന്‍ വെയ്ക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ശശീന്ദ്രന് വീണ്ടും മത്സരിക്കാന്‍ ഇടം നല്‍കുന്നതിനെതിരെ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ പത്തിടങ്ങളിലും എന്‍സിപി അംഗങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. ശശീന്ദ്രന്‍ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ബദല്‍ സ്ഥാനാര്‍ഥിയെ അടക്കം നിര്‍ത്താനുള്ള ശ്രമവും ശശീന്ദ്രന്‍ വിരുദ്ധ പക്ഷം നടത്തി വരുന്നുണ്ട്. 16ാം തീയതി എന്‍സിപി ജില്ലാ കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. ഇതില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാനാണ് ശശീന്ദ്രനെതിരെയുള്ള പക്ഷക്കാര്‍ ശ്രമിക്കുന്നത്. അതേ സമയം ശശീന്ദ്രന് വീണ്ടും അവസരം നല്‍കുന്നതിനോട് സിപിഎം ജില്ല നേതൃത്വത്തിനും പ്രദേശിക കമ്മിറ്റികള്‍ക്കും നീരസമുണ്ട്. ഇത്തവണയെങ്കിലും സിപിഎം മണ്ഡലം ഏറ്റെടുക്കണമെന്നാവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

80ാം വയസ്സിലും മത്സരം

കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ചകോട്ടയാണ് എലത്തൂര്‍ മണ്ഡലം. പക്ഷേ അവിടെനിന്ന് ജയിക്കാറുള്ളത്, എല്‍ഡിഎഫ് ഘടകക്ഷിയായ എന്‍സിപിയാണ്. മന്ത്രി എ കെ ശശീന്ദ്രന്‍ മൂന്ന് തവണ ജയിച്ച മണ്ഡലമാണിത്. ഇപ്പോള്‍ ഈ 80-ാം വയസ്സിലും ഒരു തവണകൂടി മത്സരിക്കാന്‍ ശശീന്ദ്രന് പൂതിയുണ്ടന്നാണ് അറിയുന്നത്. നേരത്തെ സീറ്റ് ഏറ്റെടുക്കന്‍ ശ്രമിച്ചിരുന്ന സിപിഎം ഇപ്പോള്‍ അതില്‍നിന്ന് പിന്‍മാറിയിരിക്കയാണ്.

1980 മുതല്‍ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. പത്തുവര്‍ഷത്തോളം മന്ത്രിസ്ഥാനത്തും പിടിമുറുക്കി. ഇതോടെയാണ് ഇത്തവണ മാറി നില്‍ക്കണമെന്ന് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാല്‍ എലത്തൂരില്‍ താന്‍ തന്നെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശശീന്ദ്രന്‍. 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് എലത്തൂര്‍ ഒരു നിയമസഭാ മണ്ഡലമായി മാറിയത്. 2011 മുതല്‍ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന്‍ ആണ് ഇവിടെ വിജയിച്ചത്. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ഭൂരിപക്ഷവും കൂടി. 2011-ല്‍ എ.കെ. ശശീന്ദ്രന്‍ സോഷ്യലിസ്റ്റ് ജനതയിലെ ഷേയ്ക്ക് പി. ഹാരിസിനെ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ശശീന്ദ്രന്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി കിഷന്‍ ചന്ദിനെ 29,057 വോട്ടിന് തറപറ്റിച്ചു. 2021-ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ 38,502 വോട്ടിന്റെ റെക്കോര്‍ഡ് ഭുരിപക്ഷത്തിനാണ് ശശീന്ദ്രന്‍ തോല്‍പ്പിച്ചത്. പക്ഷേ ഇതൊന്നും എന്‍സിപിയുടെ കഴിവുകൊണ്ടായിരുന്നില്ല. സിപിഎം പ്രവര്‍ത്തകരുടെ സ്വാധീനം കൊണ്ടായിരുന്നു.

പ്രായാധിക്യം ബാധിച്ച ശശീന്ദ്രനെതിരെ വളരെ മോശം പൊതുജനാഭിപ്രയാവും നിലനില്‍ക്കുന്നു. പക്ഷേ ശശീന്ദ്രനെതിരെ,പല ആരോപണങ്ങള്‍ ഉണ്ടായപ്പോഴും പാര്‍ട്ടിയില്‍നിന്ന് പ്രശ്നങ്ങള്‍ വന്നപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പിന്തുണയായി ഒപ്പമുണ്ടായിരുന്നു. ഇത്തവണയും അത് തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ശശീന്ദ്രന്‍ സീറ്റിനായി വാശിപിടിക്കുന്നത്. എന്‍സിപി ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് അടക്കമുള്ളവര്‍ എലത്തൂരില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, മണ്ഡലം വിട്ടുകൊടുക്കാന്‍ ശശീന്ദ്രന്‍ താത്പര്യപ്പെടാത്തതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.

കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുല്‍ വോട്ട് നേടിയ മണ്ഡലങ്ങളിലൊന്നും എലത്തൂരായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയത്. ആകെയുള്ള ആറ് പഞ്ചായത്തുകള്‍ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എല്‍ഡിഎഫിന്റെ കയ്യിലുള്ളത്.

Share This Article