എം വി രാഘവൻ്റെയും കെ എം മാണിയുടെ മക്കൾ ഇടത് ക്യാമ്പിലുള്ളതിൽ ഉളുപ്പില്ലാത്ത സിപിഎം ആണ് സുധാകരന്റെ മുന്നണി മാറ്റത്തിൽ അപായ മുന്നറിയിപ്പുമായി രംഗത്തുള്ളതെന്നത് വൈരുദ്ധ്യാത്മക ഭൗതികവാദമെന്നേ കരുതേണ്ടതുള്ളൂ;

AnilKumar BalaKrishnan

അനിൽകുമാർ ബാലകൃഷ്ണൻ എഴുതുന്നു.

“ഗോർബച്ചേവുമാരുടെ ദുഷ്ചെയ്തികൾ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റിവരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങൾ നിർവ്വഹിക്കേണ്ടത്”

“കടലിന്റെ അലയടിയെപ്പറ്റി ഒരു ഉർദു കവിതയുണ്ടായിരുന്നു. ഒരു കുട്ടി കടലു കാണാൻ ചെന്നു. തിരയിങ്ങനെ ആർത്തലച്ച് അടിക്കുകയാണ്…. കുട്ടിക്ക് നല്ല ഹരായി. കുട്ടി വേഗം പോയി ഒരു ബക്കറ്റ് എടുത്തു കൊണ്ടുവന്നു. കടലിൽ നിന്ന് ലേശം വെള്ളം കോരിയെടുത്തു. അത് നോക്കി നിന്നു… അടിക്കുന്നില്ല.
അപ്പോൾ കുട്ടി ചോദിച്ചു.’ അല്ലയോ വെളളമേ, നീയെന്താണ് അടിക്കാത്തത്? തിരയാകാത്തത്? ആർത്തലച്ച് വരാത്തത്….?’
കുട്ടിക്ക് വലിയ വിഷമമായി, കരച്ചിലായി. അപ്പോ.വെള്ളത്തിനൊരു ദയതോന്നി. കുട്ടിയോട് പറഞ്ഞു. ‘അല്ലയോ കുട്ടി… ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു നില്ക്കുമ്പോൾ മാത്രമേ (എനിക്ക് ) തിരയാകാൻ കഴിയൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്….”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നമുക്ക് ഉർദു വലിയ വശമില്ലാത്തതു കൊണ്ടും കവിത വായന കമ്മിയായതു കൊണ്ടും ഉർദുവിൽ ഇങ്ങനെയൊരു കവിതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ഉറപ്പൊന്നുമില്ല. എന്നാൽ എല്ലാ ലോക ഭാഷകളിലും ഗവേഷണം നടത്തുകയും വേണ്ടതും വേണ്ടാത്തതുമെല്ലാം വായിക്കുകയും എഴുതുകയും ചെയ്യുന്ന പിണറായിസ്റ്റ് മാർക്സിസ്റ്റ് കൂലിയെഴുത്തുകാർ കണ്ടെത്തിയ ഈ മനോഹര കവിതയിലെ കഥ ശംഖുംമുഖം കടൽത്തീരത്തെ പാർട്ടിയുടെ മഹാറാലിക്ക് ഒത്തുചേർന്ന ആയിരങ്ങളെ സാക്ഷി നിറുത്തി അന്നത്തെ ബദ്ധവൈരിയായ വി എസ് ന് പറഞ്ഞു കൊടുത്തു. വി.എസ് അത് ശ്രദ്ധിക്കുന്നതായി ഭാവിക്കാതെ സഗൗരവം ഇരുന്നു.

“ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാർത്തട്ടിൽ ചേർന്നു നില്ക്കുമ്പോഴാണ് അംഗങ്ങൾക്ക് ശക്തിയുള്ളത്. അല്ലാതെ ഞങ്ങൾക്കാർക്കും വല്ലാത്ത ശക്തിയില്ല എന്നു തിരിച്ചറിയുന്നവരാണ് ഞങ്ങളെല്ലാം…..” എന്നു കൂടി കൂട്ടിച്ചേർത്ത് സഖാവ് പിണറായി അന്നേവരെ വായിക്കാത്ത കവിതയെ വ്യാഖ്യാനിക്കുകയും ചെയ്തു.

ഇതിൽ നിന്ന് കമ്മ്യൂണിസ്റ്റ് അംഗങ്ങൾ മനസ്സിലാക്കേണ്ട ഒരു പാഠമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങൾക്ക് സ്വതന്ത്രമായ ഒരു ജീവിതമില്ല. സൂര്യൻ കിഴക്ക് അസ്തമിക്കുകയും പടിഞ്ഞാറ് ഉദിക്കുകയുമാണ് ചെയ്യുന്നതെന്ന് പാർട്ടി പറഞ്ഞാൽ അതാണ് ശരി. ഇനി, ശരിയതല്ലെന്ന് ബോധ്യപ്പെട്ട് ആരെങ്കിലും അത് വിളിച്ചു പറഞ്ഞാൽ അവൻ ബക്കറ്റിലെ കടൽ വെള്ളമാവും. ഒരനക്കവുമുണ്ടാവില്ല. അഥവാ അനങ്ങിയാൽ ആ അനക്കം മാറ്റാനും പാർട്ടിക്കറിയാം.

ജി സുധാകരനാണ് ഏറ്റവും ഒടുവിൽ ആ കടൽ വെള്ളം കോരി വീട്ടുമുറ്റത്ത് വച്ച് ‘അല്ലയോ വെള്ള മേ നീയെന്താണ് ഇളകാത്തത്’ എന്ന് ചോദിക്കുന്ന ഇളമുറക്കാരൻ. പാവം പാർട്ടിയതാണ് പാർട്ടിയുടെ മാർത്ത ട്ടേതാണ് എന്ന് മനസ്സിലാക്കാനുള്ള ധിഷണാശക്തി ഇല്ലാതായിപ്പോയി. കവിതകൾ വായിക്കുക മാത്രമല്ല എഴുതുകയും ചെയ്യുന്ന അപൂർവ്വം കമ്മ്യൂണിസ്റ്റുകളിൽ ഒരാളായിട്ടു പോലും ആ ഉർദു കവിത സുധാകരൻ സഖാവ് വായിക്കാതെ പോയി.

പാർട്ടി കുടുംബമാണ് സുധാകരന്റേത്. ഇളയ സഹോദരൻ കോളേജ് കാലത്ത് പാർട്ടി രക്തസാക്ഷിയായി. കെ എസ് യുക്കാരും ഗുണ്ടകളും കോളേജിൽ കയറി തല്ലിക്കൊന്നതാണ്. ക്ലാസിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ‘നമ്മുടെ സഖാക്കളെ കെ.എസ് യുക്കാർ തല്ലുന്നു’ വെന്ന് കേട്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. ആദ്യം തന്നെ കണ്ണടിച്ച് തകർത്തു. പിന്നീട് തല തല്ലിത്തകർത്തപ്പോൾ മറ്റ് എസ് എഫ് ഐക്കാർ സ്വന്തം തടി രക്ഷിക്കാൻ ജനൽ ചാടിഓടി. രക്തസാക്ഷിയായ പയ്യന്റെ പേരിൽ കള്ളത്തുണ്ടടിച്ച് പിരിവെടുത്തോ എന്ന് ഓർമ്മയുള്ളവരാരും ഇന്ന് പാർട്ടിയിലില്ല. ‘കേസ് നടത്താൻ പാർട്ടി ഒരു ചില്ലിക്കാശും ചെലവാക്കിയില്ല. ആരെയും ശിക്ഷിച്ചുമില്ല.’ സുധാകരൻ പറയുന്നു.എന്നിട്ടും എന്തുകൊണ്ടാണ് സുധാകരൻ ഇതേ പാർട്ടിയുടെ മൂടുതാങ്ങിനിന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ചരടുവലിച്ചുവെന്ന് പരാതിയുണ്ടാക്കി ജി സുധാകരനെതിരേ അന്വേഷണം നടത്തിയ പാർട്ടി ബ്രാഞ്ചിലേക്ക് അദ്ദേഹത്തെ തരം താഴ്ത്തി. പാർട്ടിയിലെ ഏറ്റവും വിശുദ്ധനായ എളമരം കരീമായിരുന്നു അന്വേഷണക്കമ്മിഷന്റെ ചുമതലയിൽ വന്നത്.’ ബ്രാഞ്ചിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ അംഗത്വം പുതുക്കാത്ത സുധാകരനോട് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പോലും പരിഹാസശബ്ദത്തിലാണ് ഇടപെട്ടത്. സുധാകരൻ വിഷയം പത്രക്കാർ ഉന്നയിക്കുമ്പോൾ ഗോന്ദൻ മാഷിന്റെ മുഖത്ത് മിന്നിയത് പാർട്ടി സെക്രട്ടറിയേറ്റ് സ്വന്തമായി ഉത്പാദിപ്പിച്ച പത്താമത്തെ ഏതോ രസഭാവമാണെന്ന് വീഡിയോ കണ്ട ആർക്കും തോന്നുകയും ചെയ്യും.

സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളും പാലങ്ങളുമെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനും അഴിമതിയുടെ കറപുരളാത്ത നല്ല മന്ത്രിയെന്ന് പേരെടുക്കാനും കഴിഞ്ഞ സുധാകരന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ പാർട്ടി തയ്യാറായില്ലെന്ന് മാത്രമല്ല സമീപകാല മഴയിൽ കുരുത്ത തകരസഖാക്കളെ കൊണ്ട് നിരന്തരം തന്തക്ക് പറയിക്കുകയും ചെയ്തു. പാർട്ടിയിൽ പ്രതാപശാലികളായവരുടെ മാർത്തട്ടിൽ ചേർന്നു നില്ക്കാത്തവരെല്ലാം പാർട്ടി വിരുദ്ധരാകമ്പോൾ ബക്കറ്റിൽ വെള്ളമെടുത്തോ വെറും ബക്കറ്റോടെയോ പുറത്തുപോവുകയല്ലാതെ സുധാകരൻ മറ്റെന്തു ചെയ്യാനാണ്.

എം വി രാഘവൻ, കെ ആർ ഗൗരിയമ്മ, ടി.പി ചന്ദ്രശേഖരൻ തുടങ്ങിയവരെപ്പോലെ പാർട്ടിക്ക് ശക്തമായ ആഘാതമേല്പിച്ചാണ് സുധാകരൻ പുറത്തു പോകുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പിന്തുണ നൽകിയാൽ സ്വന്തം രക്തത്തിലെ രക്തസാക്ഷിയെ സുധാകരൻ തള്ളിപ്പറഞ്ഞു എന്ന് വിലപിച്ചു കൊണ്ടാവും സിപിഎം ന്റെ പ്രചാരണം. എം വി ആറിന്റെ മകൻ നികേഷ് കുമാറും കെ എം മാണിയുടെ മകൻ ജോസ് കെ മാണിയും ഇടത് ക്യാമ്പിലുള്ളതിൽ ഉളുപ്പില്ലാത്ത സിപിഎം ആണ് സുധാകരന്റെ മുന്നണി മാറ്റത്തിൽ അപായ മുന്നറിയിപ്പുമായി രംഗത്തുള്ളതെന്നത് വൈരുദ്ധ്യാത്മക ഭൗതികവാദമെന്നേ കരുതേണ്ടതുള്ളൂ.

ബക്കറ്റിലെ തിരയെക്കുറിച്ച് കഥ പറഞ്ഞ പിണറായിക്ക് പരസ്യമായിത്തന്നെ വി എസ് കൊടുത്ത ഒരു രാഷ്ട്രീയ മറുപടിയുണ്ട്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ഓർത്തു വയ്ക്കേണ്ട ഒരു മറുപടി:
“സോവിയറ്റ് യൂണിയൻ എന്ന മഹാസമുദ്രത്തിൽനിന്ന് അതിശക്തമായ അലകൾ വീശിയടിച്ചതിനെത്തുടർന്നാണ് ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ വൻ മാറ്റങ്ങൾക്ക് വഴി തുറന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, ഗോർബച്ചേവുമാരുടെ വരവോടെ ആ സമുദ്രം വറ്റിവരണ്ടു. പിന്നീട് അതിൽ നിന്ന് കോരുന്ന ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാൻ കഴിയുകയുള്ളൂ.. ഇത്തരം ഗോർബച്ചേവുമാരുടെ ദുഷ്ചെയ്തികൾ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റിവരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങൾ നിർവ്വഹിക്കേണ്ടത്….”

insight kerala
Share This Article