മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷസഖ്യം. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. അതേസമയം കേരളത്തിൽ ഇ.ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു.
ലോക്സഭാ സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം പരാജയപ്പെട്ടതിന് പിറകെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷസഖ്യംനോട്ടീസ് നൽകിയത്. 130 പേർ ലോക്സഭയിൽ നിന്നും 63 പേർ രാജ്യസഭയിൽ നിന്നും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. പക്ഷാപാതപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ തുടങ്ങി ഏഴ് ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. അതേസമയം കേരളത്തിൽ മെട്രോമാൻ ഈ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും രാജ്യസഭയിൽ പറഞ്ഞു. 93 വയസ്സിലും ഈ ശ്രീധരൻ കർമ്മനിരതനാണെന്നും അദ്ദേഹം പ്രശംസിച്ചു.
ശബരി റെയിൽ പോലുള്ള പ്രധാന പദ്ധതികൾ പോലും മുൻപോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്നും, കമ്മ്യൂണിസ്റ്റ് കോൺഗ്രസ് വികസനത്തിന് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഡിപിആർ ആര് തയ്യാറാക്കും എന്ന തന്റെ ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി രാജസഭയിൽ പറഞ്ഞു, റെയിൽവേ മന്ത്രി വെറും മാർക്കറ്റിംഗ് മാസ്റ്റർ ആണെന്ന് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം സഭയിൽ ഭരണപ്രതിപക്ഷ വാക്ക് തർക്കത്തിന് കാരണമായി
