special report
എം മാധവദാസ്
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ മൊജ്തബ ഖമനേയി അധികാരമേറ്റിരിക്കയാണ്. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍, ഇസ്രയേല്‍ ആക്രമണത്തില്‍ മൊജ്തബക്കും മാരകമായി പരിക്കേറ്റുവെന്നാണ്. വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാലുകള്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ‘കോമ’യിലാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഇറാനെ നിലവില്‍ നയിക്കുന്നത് ‘ഗോസ്റ്റ് ആയത്തുള്ള’ എന്ന അദൃശ്യനായ നേതാവാണെന്ന അഭ്യൂഹമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരികരിക്കുന്നു.
കാലുകള്‍ മുറിച്ചുമാറ്റി
യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ മൊജ്തബ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. 56-കാരനായ മൊജ്തബ ഖമനേയിയുടേത് അവകാശപ്പെടുന്ന രേഖാമൂലമുള്ള പ്രസ്താവന കഴിഞ്ഞ ദിവസം സ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ വായിക്കുകയായിരുന്നു. ഞങ്ങളുടെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം വീട്ടുന്നതില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്നും മൊജ്തബ പ്രസ്താവനയില്‍ അറിയിച്ചു.
ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് മൊജ്തബ ഉള്ളതെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗം പൂര്‍ണ്ണമായും സീല്‍ ചെയ്തിരിക്കുകയാണ്. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണോ മൊജ്തബയ്ക്കും പരിക്കേറ്റതെന്ന കാര്യം വ്യക്തമല്ല. ഇറാന്റെ ആരോഗ്യ മന്ത്രിയും രാജ്യത്തെ പ്രമുഖ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഘണ്ടിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സയെന്നാണ് പറയുന്നത്.പരിക്കേറ്റ പരമോന്നത നേതാവിനെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൊജ്തബയുടെ കാലുകള്‍ മുറിച്ചുമാറ്റയെന്നും, കരളടക്കം തകര്‍ന്ന് കോമയിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ പ്രാദേശിക കമാന്‍ഡര്‍മാരാണ് നിലവില്‍ ഇറാന്റെ ഭരണം നടത്തുന്നത് എന്നാണ് അറിയുന്നത്.

ഭരിക്കുന്നത് സൈന്യം
ലോകത്തിലെ ഏറ്റവും വിചിത്രമായ ഒരു അവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. അവിടെ പ്രസിഡന്റിനേക്കാള്‍ പവര്‍, പരമോന്നത നേതാവ് എന്ന മതനേതൃത്വത്തിനാണ്. അതുപോലെ രണ്ടു സേനകളും ഉണ്ട്. ഒന്ന് ഔദ്യോഗിക സൈന്യമായ അര്‍ട്ടേഷ്, മറ്റൊന്ന് ഇസ്ലാമിക വിപ്ലവ സംരക്ഷണ സേനയായ ഐഎസ്ആര്‍ജിസി. ഇതില്‍ ഐഎസ്ആര്‍ജിസിക്കാണ് കൂടുതല്‍ അധികാരം. ഇപ്പോള്‍ പരമോന്നത് നേതാവിന്റെ അഭാവത്തിലും ഭരണം നടത്തുന്നതാണ് ഈ സൈന്യമാണ്. ഇറാന്റെ പ്രതിരോധ ബജറ്റിന്റെ സിംഹഭാഗവും ലഭിക്കുന്നത് ഐ.ആര്‍.ജി.സി.ക്കാണ്. അത്യാധുനിക മിസൈലുകള്‍, ഡ്രോണുകള്‍, മികച്ച സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ഐ.ആര്‍.ജി.സി.ക്ക് നല്‍കുമ്പോള്‍, അര്‍ട്ടേഷിന് പലപ്പോഴും പഴയകാല ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നു. ഈ വിവേചനം അര്‍ട്ടേഷ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കാറുണ്ട്.
ഐഎസ്ആര്‍ജിസി എന്നത് കേവലം ഒരു സൈന്യമല്ല, മറിച്ച് ഇറാന്റെ ഇസ്ലാമിക ഭരണവ്യവസ്ഥയെയും വിപ്ലവത്തെയും സംരക്ഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സേനയാണ്. രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ഉറപ്പാക്കുക, ഭരണകൂടത്തിനെതിരായ അട്ടിമറികള്‍ തടയുക എന്നിവയൊക്കെയാണ് വിപ്ലവസേനയുടെ ചുമതല. വിദേശ രാജ്യങ്ങളില്‍ ഇറാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ‘ഖുദ്‌സ് ഫോഴ്‌സ്’ ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇറാന്റെ മിസൈല്‍ പ്രോഗ്രാമും ആണവ രഹസ്യങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്.റവല്യൂഷണറി ഗാര്‍ഡ്‌സ് എപ്പോഴും പരമോന്നത നേതാവിന്റെ കൈപ്പിടിയിലാണ്്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിയന്ത്രണത്തിലാണ്. മൊജ്തബയുടെ അഭാവത്തിലും, ഈ റവല്യൂഷണറി ഗാര്‍ഡ് നേതൃത്വമാണ് ഇപ്പോഴും ഇറാനെ നയിക്കുന്നത്. അതില്‍ ‘ഗോസ്റ്റ് ആയത്തുള്ള’ എന്ന ഡമ്മി നേതാവിനെ ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.

