എ പത്മകുമാർ പുറത്തേക്കോ? പത്മകുമാർ പാർട്ടിക്ക് വിശദീകരണം നൽകി; നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച

AnilKumar BalaKrishnan

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിന് കഴിഞ്ഞ ദിവസമാണ് സി പി എം വിശദീകരണ നോട്ടീസ് അയച്ചത്.

ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പത്മകുമാറിനുള്ള പാർട്ടി സംരക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കും എന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്‍റെ പുറത്താക്കൽ നീക്കം.

Share This Article