ജി. സുധാകരൻ യഥാർഥ കമ്യൂണിസ്റ്റെന്ന് ചെന്നിത്തല; യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

AnilKumar BalaKrishnan

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജി. സുധാകരന്റെ നീക്കങ്ങൾ കോൺഗ്രസ് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കും. ഇത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുധാകരൻ പറഞ്ഞകാര്യങ്ങൾ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അതിന് പാർട്ടിക്ക് മറുപടിയുണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യതയുണ്ടാകുമെന്നതിൽ സംശയമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

”വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിഷമം. കഴിഞ്ഞ കുറേവർഷങ്ങളായി സഖാക്കൾ അദ്ദേഹത്തെ വേട്ടയാടി. ജില്ലയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ ചെയ്ത വികസനപ്രവൃത്തികളാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്നത്. അതിന് അദ്ദേഹത്തെ വിളിച്ചതുപോലുമില്ല”, രമേശ് ചെന്നിത്തല പറഞ്ഞു.

Share This Article