കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം; ഡൽഹിയിൽ ചർച്ച തുടരുന്നു; മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച കൂടുതൽ എംപിമാർ

AnilKumar BalaKrishnan

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് ഡൽഹിയിൽ ചർച്ച തുടരുന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത  സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ 50 മണ്ഡലങ്ങളിൽ ധാരണയായി. കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മറ്റി, സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകും. അതേ സമയം കൂടുതൽ എംപിമാർ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് നേതൃത്വത്തിന് തലവേദനയാണ്.
    ഡൽഹിയിൽ സ്ക്രീനിംഗ് കമ്മറ്റി അധ്യക്ഷമായി കേരളത്തിലെ മുതിർന്ന നേതാക്കൾ തുടർച്ചയായി നടത്തിയ ചർച്ചകൾക്കൊടുവിൽ 50 മണ്ഡലങ്ങളിൽ ധാരണയിലെത്തി. 22 സിറ്റിങ് എം.എൽ.എ.മാരിൽ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം, പെരുമ്പാവൂരിൽ ഹൈക്കമാൻഡ് തീരുമാനം അന്തിമമാകും. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളാണ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയത്. സ്ഥാനാർത്ഥിനിർണയത്തിൽ എല്ലാവശവും പരിശോധിച്ച് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു

കെ സുധാകരനും അടൂർ പ്രകാശിനും പുറമേ കൂടുതൽ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്പര്യം  പ്രകടിപ്പിച്ചതും നേതൃത്വത്തിന് തലവേദനയാണ്. എംപിമാർ മത്സരിക്കുന്നതിൽ തീരുമാനം പൂർണമായും ഹൈക്കമാൻഡിൻ്റെത്  ആണെന്നും ആഗ്രഹം എല്ലാവരും പ്രകടിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു

എംപിമാർ മത്സരിക്കുന്ന വിഷയത്തിൽ തന്റെ നിലപാട് പരസ്യമായി പറയുന്നില്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിലവിൽ 50 സീറ്റുകളിൽ ധാരണയായെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ആയിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article