ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായി എ വി ഗോപിനാഥ്, എംയു ഷിജിന എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു. എ വി ഗോപിനാഥിനെ ഭരണസമിതി ചെയർമാനായി തിരഞ്ഞെടുക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻസ്ഥാനം കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് മുൻ എം.എൽ.എ. എ.വി. ഗോപിനാഥ് പറഞ്ഞു. മനസ്സിന് ഏറ്റവും സംതൃപ്തി നൽകുന്ന സ്ഥാനമാണിത്. ഇത്രയും സന്തോഷകരമായ വാർത്ത പൊതുജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ലെന്നും ഇനി കേൾക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു വനിത ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അംഗമാകുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ എം യു ഷിനിജ നേരത്തെ കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ ആയിരുന്നു.
അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം വരുന്നത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല.
1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ ബാലാമണിയമ്മ, ദേവകിയമ്മ എന്നിവര്‍ ആദ്യകാലത്തെ ഭരണ സമതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 1978ല്‍ ചട്ടം ഭേദഗതി ചെയ്ത ശേഷം വനിതകള്‍ ഭരണസമിതിയില്‍ എത്തിയില്ല. മൂന്ന് പാരമ്പര്യ അംഗങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഹിന്ദു മന്ത്രിമാര്‍ ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യുന്ന ആറ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് ഭരണസമിതി. രണ്ട് വര്‍ഷമാണ് കാലാവധി.
ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയില്‍ വനിതകള്‍ പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും ഭരണസമിതി അംഗമായി എത്തുന്നത് ഇതാദ്യമായാണ്. അന്താരാഷ്ട്ര വനിത ദിനത്തിലാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രവേശം ഉണ്ടാകുന്നത് എന്നത് പ്രത്യേകതയായി. സിപിഐയുടെ പ്രതിനിധിയായാണ് ഷിനിജ ഭരണ സമിതിയിലെത്തുന്നത്.

