ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം ഒൻപതാം ദിനവും ശക്‌തമായി തുടരുന്നതിനിടെ ഇറാനിയൻ നേതൃനിരയിൽ വിള്ളൽ . ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെതിരേ ഇറാൻ സൈനിക നേതൃത്വം രംഗത്ത്.
സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന മസൂദ് പെഷസ്കിയാൻ്റെ പ്രസ്താവനയാണ് സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മസൂദ് പെഷസ്കിയാൻ, ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൌൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദീകരിച്ചത്. എന്നാൽ ഇറാൻ എന്ന രാജ്യത്തിൻ്റെ അസ്ഥിത്വത്തിനായുള്ള പോരാട്ടത്തിൽ പിൻമാറാനാകില്ലെന്ന് സേനയിലെ ഒരു വിഭാഗം തീവ്രനിലപാടുകാരും യുദ്ധത്തെ പ്രായോഗികമായി നേരിടണമെന്ന മറ്റൊരു വിഭാഗത്തിൻ്റെ തർക്കവുമാണ് നേതൃനിരയിൽ വിള്ളൽ സൃഷ്ടിച്ചിരിയ്ക്കുന്നത്.
പ്രസിഡൻ്റിൻ്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ച റിപ്പബ്ലിക്കൻ ഗാർഡ് നേതൃത്വം പുതിയ പരമോന്നത നേതാവിന്റെ നിയമനം വേഗത്തിലാക്കാൻ പുരോഹിതന്മാരോടഭ്യർത്ഥിച്ചു. ഞായറാഴ്ച തന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തുള്ള ഖമനേയിയുടെ മകൻ മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവാക്കണമെന്നതാണ് സൈനിക നേതൃത്വത്തിൻ്റെയും ഖമനേയിയുടെ ഓഫീസിലെ ഉന്നതരുടേയും ആഗ്രഹം. എന്നാൽ ആയത്തൊള്ളമാരിൽ താരതമേന ജൂനിയറും പ്രവത്തിപരിചയമില്ലാത്തയാളുമായ മൊജ്തബയെ പരമോന്നത നേതാവാക്കുന്നതിനോട് വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ട്. യുദ്ധകാലത്ത് മതനേതാക്കളേക്കാൾ സൈനിക നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളാണ് അംഗീകരിയ്ക്കുയെന്നതാണ് വിലയിരുത്തൽ . എന്നാൽ ഖമേനിയുടെ പിൻഗാമിക്ക് വിഭാഗീയ തർക്കങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ അധികാരം ലഭിക്കുമോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ഫെബ്രുവരി 28 ന് ഇസ്രയേൽ-യു എസ് സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ഇറാൻ ആത്മീയ നേതാവ് ആയത്തൊള്ള വമനേയിയുടെ രണ്ടാമത്തെ പുത്രനാണ് 56കാരനായ മൊജ്തബ ഹൊസൈനി ഖമനേയി. ഇറാഖ്-ഇറാൻ യുദ്ധകാലത്ത് സൈനിക സേവനം നടത്തിയിരുന്ന മൊജ്തബ 2007 മുതൽ ഇറാൻ പരമോന്നത നേതാവിൻ്റെ രാഷ്ട്രീയ – സൈനികകാര്യ സമിതിയുടെ ഡെപ്യൂട്ടി ചീഫ് പദവി വഹിച്ചു വരികയാണ്.

