ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരാമർശം വന്നതിന് പിന്നാലെയാണ് അതിരൂക്ഷവിമർശനവുമായി മോദി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
‘ഇത് ലജ്ജാകരവും മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന മുഴുവൻപേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ അതീവദുഃഖം ഉളവാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികൾ. സാന്താൾ സംസ്കാരം പോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാൾ സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നതും ദൗർഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ്, പശ്ചിമബംഗാളിലെ ബിധാൻനഗറിൽനിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ താരതമ്യേന ചെറിയ വേദിയിലേക്ക് മാറ്റിയിരുന്നു. സുരക്ഷകാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ വേദി മാറ്റിയതുകാരണം നിരവധി ഗോത്ര സമുദായാംഗങ്ങൾക്ക് പങ്കെുക്കാൻ കഴിഞ്ഞില്ലെന്നും ആദ്യത്തെ വേദി ആയിരുന്നെങ്കിൽ വലിയ ആൾക്കൂട്ടത്തെ ഉൾക്കൊള്ളാനാകുമായിരുന്നെന്നും ചടങ്ങിൽ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെ കുറിച്ചും പ്രോട്ടോക്കോൾ പാലിക്കാത്തതിനെ കുറിച്ചും രാഷ്ട്രപതി പറഞ്ഞിരുന്നു.

വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിമാരോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. സിലിഗുരി മേയർ ഗൗതം ദേബ് മാത്രമായിരുന്നു അവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലുണ്ടായിരുന്നത്.
രാഷ്ട്രപതിയുടെ പരാമർശം ഇങ്ങനെ:
‘ഇന്ന് ആയിരുന്നു അന്താരാഷ്ട്ര സന്താൾ സമ്മേളനം. അതിൽ പങ്കെടുത്ത ശേഷം ഞാൻ ഇവിടേക്ക് വന്നപ്പോൾ, ഈ സ്ഥലം വളരെ വിശാലമായതിനാൽ ഇവിടെ വെച്ച് നടത്തിയിരുന്നെങ്കിൽ അത് നന്നായേനെ എന്ന് തോന്നി. ഭരണകൂടത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് എനിക്കറിയില്ല. അവർ പറഞ്ഞു- ഇല്ല, സ്ഥലം തിരക്കുള്ളതാണെന്ന്. എന്നാൽ എനിക്ക് തോന്നുന്നത് ഇവിടെ അഞ്ച് ലക്ഷം ആളുകൾക്ക് അനായാസം ഒത്തുകൂടാൻ കഴിയുമെന്നാണ്. പക്ഷെ അവർ നമ്മെ അവിടേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സന്താൾ ജനതക്ക് പോകാൻ കഴിയാത്ത ഒരു സ്ഥലമാണ് ഭരണകൂടം സമ്മേളനത്തിനായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വളരെ അകലെയൊരു സ്ഥലത്ത് സമ്മേളനം വെച്ചതിനാൽ ഇവിടെയുള്ളവർക്ക് അവിടേക്ക് എത്താൻ കഴിയാത്തതിൽ ഞാൻ അതീവ ദുഃഖിതയാണ്.
ഒരുപക്ഷെ, ആർക്കും പങ്കെടുക്കാൻ കഴിയില്ലെന്നും രാഷ്ട്രപതി വെറുതെ മടങ്ങിപ്പോകുമെന്നും ഭരണകൂടം പ്രതീക്ഷിച്ചിരിക്കാം. രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമതാദീദിയും എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല’.

