കണ്ണൂരിൽ സി പി എം സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി അണികളും അനുഭാവികളും. തളിപ്പറമ്പ് മണ്ഡലത്തിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്. പി കെ ശ്യാമളയെ അംഗീകരിക്കാൻ പ്രയാസമുണ്ട്, ഇവർക്ക്,ജനങ്ങളുമായി ബന്ധമില്ലെന്നും വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയും, നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ശ്യാമള മുൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി കെ ശ്യാമളക്കെതിരെ വിമർശനം ഉയർന്നിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും, പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കുമെന്ന് സൈബർ ഇടങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികൾ ഭയപ്പെടുന്നു
തളിപ്പറമ്പ് പോലുള്ള ഇടത് കോട്ട നിലനിർത്താൻ കൂടുതൽ ജനസമ്മതിയുള്ള നേതാവിനെ പാർട്ടി കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന് മണ്ഡലത്തിൽ സ്വാധീനം വർധിക്കുന്നത് കണക്കിലെടുത്ത് സ്ഥാനാർഥിയെ മാറ്റണമെന്ന മുന്നറിയിപ്പാണ് പ്രവർത്തകർ നൽകുന്നത്.
പി.കെ ശ്യാമളയ്ക്ക് താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ലെന്നും അവർ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമർശനം. ജനകീയനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ അത് പാർട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും അണികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തളിപ്പറമ്പ് സിപിഎമ്മിന്റെ ശക്തമായ കോട്ടയാണെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ആയി കുറഞ്ഞതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ 8000-ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും വോട്ടിങ് രീതിയിൽ മാറ്റം വരുന്നതിന്റെ സൂചനയായി അണികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യത്തിൽ പി.കെ. ശ്യാമളയെപ്പോലൊരു സ്ഥാനാർത്ഥി വരുന്നത് മണ്ഡലം കൈവിട്ടുപോകാൻ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

