തിരുവനന്തപുരം: കുംഭസൂര്യൻ ജ്വലിപ്പിക്കുന്ന പൂരപ്പകലിൽ നഗരം ഒരൊറ്റ അമ്പലമുറ്റമായി. നഗരപാതകളെല്ലാം ആറ്റുകാൽ ദേവീസന്നിധിയിലേക്കു നീളുന്ന ദിനത്തിൽ നഗരം ഒരു യാഗശാലപോലെ. നോവുന്ന ഹൃദയവുമായി ഭക്തർ ആറ്റുകാലമ്മയെ കൈകൂപ്പി പ്രാർഥിച്ചു. അവർ ക്ഷേത്രമുറ്റവും തെരുവോരവും പാർപ്പിടമാക്കി. വിശപ്പും ദാഹവും മറന്ന് ആറ്റുകാലമ്മ എന്ന ഒരു പ്രാർഥനയുമായി കാത്തിരുന്നു പൊങ്കാല അർപ്പിക്കാൻ. നിർവൃതിനേടി മടങ്ങാൻ. കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹംതേടി ഭക്തലക്ഷങ്ങളെത്തിയ തലസ്ഥാനം ആഘോഷത്തിമിർപ്പിൽ.
നഗരത്തിലെ വീടുകളും അമ്പലങ്ങളുംമുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു. പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനായി പാളയം സി.എസ്.ഐ. ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റംവരുത്തി. പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാൻ എത്തുന്നവർക്ക് തുറന്നുനൽകി.

റെസിഡെൻസ് അസോസിയേഷനുകളും തൊഴിലാളിസംഘടനകളും ഭക്ഷണവും ജലവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ സജീവമായി രംഗത്തുണ്ട്. കവലകളെല്ലാം ഉത്സവദിനംമുതൽതന്നെ ഭക്തിയുടെയും കൂട്ടായ്മയുടെയും നിറവും വെളിച്ചവും സംഗീതവുമൊരുക്കിയിരുന്നു. വിദൂര ദേശങ്ങളിൽനിന്നുള്ള ഭക്തർ പൊങ്കാലയ്ക്കായി ഞായറാഴ്ചതന്നെ നഗരത്തിലെത്തിത്തുടങ്ങിയിരുന്നു.

