തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. റോബിൻ ബിജെപിയിൽ ചേർന്നേക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹത്തോട് താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിൻ കുറച്ചുനാൾ പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശം.
തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകുന്ന വാർത്ത നേരത്തെ സ്റ്റോറിയായി പങ്കുവെയ്ക്കുകയുമായിരുന്നു. റോബിനെ പിന്തുണച്ച് ‘ആർഎസ്എസ് തിരുവനന്തപുരം’ എന്ന പേജും രംഗത്തുവന്നതോടെയായിരുന്നു ബിജെപി പ്രവേശനം സംബന്ധിച്ച് അഭ്യൂഹം ശക്തമായത്. പിന്നാലെ കടുത്ത സൈബർ ആക്രമണവും റോബിൻ നേരിട്ടു. പച്ച തെറിവിളിയും ഭീഷണിയുമാണ് തനിക്കെതിരെ ഉയരുന്നതെന്നും താൻ സംഘിയാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു അന്ന് റോബിൻ പ്രതികരിച്ചത്.
‘ഞാൻ ആരെ ഇഷ്ടപ്പെടണം, പിന്തുണക്കണം എന്നതെല്ലാം വ്യക്തിപരമായ കാര്യമാണ്. റോബിൻ സംഘിയാണ്, ചാണകമാണ്, ചാണകത്തിൽ ചവിട്ടിയെന്നെല്ലാം ഒരുപാട് പേര് പറയുന്നതുകണ്ടു. വ്യക്തിപരമായ ഇഷ്ടമാണത്. എനിക്ക് ബിജെപിയിൽ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. പ്രചോദനമാണ്. ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ വരുന്നില്ലല്ലോ’, എന്നായിരുന്നു റോബിന്റെ പ്രതികരണം.

