ടെഹ്റാൻ: യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടു. ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയും ഖമേനിയുടെ സ്ഥിരീകരിച്ചു.
ഖമേനിയുടെ മരണത്തിൽ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസം രാജ്യത്ത് അവധിയായിരിക്കും.
സ്വച്ഛാധിപതികള്‍ക്കെതിരായ വലിയ പ്രക്ഷോഭം നടത്തുന്നതിനുള്ള വിക്ഷേപണകേന്ദ്രം പോലെയായിരുന്നു ഖമേനി എന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ച തന്റെ ഓഫീസില്‍ ജോലികള്‍ ചെയ്യുന്നതിനിടെയായിരുന്നു മരണം. ആക്രമണത്തില്‍ ഖമേനിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

