കേരളാ സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും

insight kerala

വിവാദമായ കേരളാ സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് ചേർന്നായിരുന്നു അപ്പീൽ പരിഗണിച്ചത്. ചിത്രത്തിന്റെ റിലീസ് ഇന്നലെ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് നിർദേശിച്ച കോടതി ഹർജിക്കാർ മുന്നോട്ടുവെച്ച ആശങ്കകളിൽ ഉചിതമായ തീരുമാനം ബോർഡ് സ്വീകരിക്കണമെന്നും പറഞ്ഞു. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. എന്നാൽ സിനിമയിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് നിർമാതാക്കൾ വാദിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോഴും വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു കോടതിപോലും സിനിമയുടെ പ്രദർശനം തടഞ്ഞിരുന്നില്ല. ടീസറിൽ ഉള്ളകാര്യങ്ങൾ സിനിമയിൽ ഇല്ലെന്നും നിർമാതകൾ കോടതിയിൽ പറഞ്ഞിരുന്നു. സിനിമയുടെ പ്രദർശനം തടഞ്ഞാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടികാണിച്ചാണ് നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Share This Article