കോട്ടയം : ഏറുമാലിയിൽ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി. എരുമേലി സ്വദേശി അബ്ദുള്‍ ഷുക്കൂർ എന്ന 72 കാരനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും എരുമേലി പൊലീസ് എസ്എച്ച് ഒ ബിജു ഇഡിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്. രാവിലെ എരുമേലി ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപത്തു സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും ഇയാളുടെ പാക്കലുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കുകയുമായിരുന്നു. ബാഗുകളിൽ നിന്നും 500 രൂപയുടെ 100 നോട്ടുകൾ വീതമുള്ള 120 കെട്ടുകൾ ഉൾപ്പടെ ആകെ 61,10,000 രൂപയാണ് കണ്ടെത്തിയത്. ഇതിന് പുറമേ ഏതാനും മലേഷ്യൻ കറൻസികളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും പൊലീസ് പിടിച്ചെടുത്തു.പിടിച്ചെടുത്ത ഇന്ത്യൻ കറൻസികൾ ഇൻകം ടാക്സ് വകുപ്പിനും വിദേശ കറൻസികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറും. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അബ്ദുൾ ഷുക്കൂറിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 61 ലക്ഷം രൂപയുമായി വയോധികനെ പോലീസ് പിടികൂടി
