കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യനെന്ന് അറിയപ്പെടുന്ന മുതിർന്ന തൃണമൂൽ നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ്(71) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്ത സാൾട്ട് ലേക്കിലെ അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മകൻ സുബ്രാൻഷു റോയ് ആണ് മരണവിവരം പുറത്തുവിട്ടത്.
ഡിമെൻഷ്യ ബാധിതനായിരുന്ന മുകുൾ റോയിയെ മറ്റു അസുഖങ്ങളും അലട്ടിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ആശുപത്രിയിലും വീട്ടിലുമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഏതാനുംദിവസം മുൻപ് കോമയിലായത്. തുടർന്ന് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച നേതാവായിരുന്നു മുകുൾ റോയ്. പിന്നീട് 1998-ൽ മമത ബാനർജിക്കൊപ്പം ചേർന്ന് തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാപിക്കുന്നതിൽ നേതൃത്വംവഹിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. ബംഗാളിൽ ഇടതുപക്ഷത്തിനെതിരേ ശക്തമായ രാഷ്ട്രീയപോരാട്ടം കാഴ്ചവെച്ച മുകുൾ റോയ്, 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
2006-ൽ രാജ്യസഭാംഗമായ അദ്ദേഹം രണ്ടാം യുപിഎ സർക്കാരിൽ തുറമുഖ-കപ്പൽ വകുപ്പ് സഹമന്ത്രിയായി. 2012 മാർച്ച് മുതൽ സെപ്റ്റംബർ വരെ കേന്ദ്ര റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചു. ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലും നാരദ സ്റ്റിങ് ഓപ്പറേഷനിലും ഉൾപ്പെട്ടതോടെ മുകുൾ റോയിയെ മമത ബാനർജി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഇതിനുപിന്നാലെയാണ് അദ്ദേഹം 2017-ൽ ബിജെപിയിൽ ചേർന്നത്.

