ഒരു ഇടവേളയ്ക്ക് ശേഷം നിയമസഭാ നടപടികൾ ഇന്ന് പുനരാരംഭിച്ചപ്പോൾ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ശബരിമല വിഷയത്തിലാണ് പ്രതിഷേധം ശക്തമായത്. പ്രതിപക്ഷ നേതാവിനു വേണ്ടി സംസാരിച്ചത് കെ ബാബു ആയിരുന്നു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ശബരിമല വിഷയവും തന്ത്രിയുടെ അറസ്റ്റും അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടും ഉന്നയിച്ച് സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തുടർന്ന് മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുകൾ ഉയർത്തി നടുത്തളത്തിൽ ഇറങ്ങി. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള പുരോഗമിച്ചു. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം ഇന്നും നോട്ടീസ് നൽകിയില്ല. ശ്രദ്ധക്ഷണിക്കൽ അടക്കമുള്ള നടപടികളിലേക്ക് കടന്നപ്പോൾ പ്രതിപക്ഷം വീണ്ടും പ്ലക്കാർഡുകളുമായി സ്പീക്കറുടെ ചേംബറിനടുത്തേക്ക് ചെന്നു. പോറ്റിയെ കേറ്റിയേ പാരഡി ഗാനം പ്രതിപക്ഷം ആലപിച്ചപ്പോൾ ഭരണപക്ഷനിരയിൽ നിന്ന് സോണിയാഗാന്ധിയും പോറ്റിയും അടൂർ പ്രകാശും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉയർത്തിയാണ് പ്രതിരോധിച്ചത്. പ്രതിഷേധത്തിന് ശേഷം സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി.
