തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർദ്ധിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 10 ശതമാനം ക്ഷാമബത്തയാണ് ഇപ്പോൾ അധികമായി അനുവദിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച 13 ശതമാനം ഡിഎ കുടിശ്ശിക തീർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർദ്ധിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎയും സർക്കാർ അനുവദിച്ചു കഴിഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഗവർണറുടെ പേരിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

