തിരുവനന്തപുരം: അവയവദാനത്തിൽ പുതുചരിത്രം കുറിച്ചാണ് ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുരുന്ന് ഈ ലോകംവിട്ടുപോയത്. നാലുപേർക്ക് പുതുജീവിതമേകി സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി മാറിയിരിക്കുകയാണ് ആലിൻ. ആലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളുടെ നടത്താൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാതാപിതാക്കളുടെ തീരുമാനത്തെ പിന്തുണച്ചും സ്നേഹം പങ്കുവെച്ചും സാമൂഹ്യ സാംസ്കാരിക രംഗത്തുനിന്ന് നിരവധി പേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. നടൻ മോഹൻലാൽ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സ്നേഹം പങ്കുവെച്ചു.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നടൻ കുറിച്ചു. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ ആലിൻ ഇനിയും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
കുറിപ്പിന്റെ പൂർണരൂപം
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.

