ബ
ന്യൂഡൽഹി: 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതോടെ വിപണിയിൽ വിലമാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു. നികുതി ഇളവുകളും വർധനകളും മൂലം ചില ഉൽപ്പന്നങ്ങൾക്ക് വില കുറയുമ്പോൾ മറ്റുചില ഉൽപ്പന്നങ്ങൾക്ക് വില ഉയരും.
വില കുറയുന്ന ഉൽപ്പന്നങ്ങൾ
വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് വാഹന ഘടകങ്ങൾ, സോളാർ പാനലുകൾ എന്നിവയ്ക്കാണ് വില കുറയുന്നത്. ഇവയ്ക്കുള്ള നികുതി കുറച്ചതോടെയാണ് വിലക്കുറവിന് വഴിയൊരുങ്ങിയത്.
പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉപയോഗിക്കുന്ന 17 മരുന്നുകൾക്കും വില കുറയും. ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവയും വിലക്കുറവിന്റെ പട്ടികയിലുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്കും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.
തുകൽ വ്യവസായത്തിന് നികുതി ഇളവ്
രാജ്യത്തെ ലെതർ വ്യവസായത്തിന്റെ വളർച്ച ലക്ഷ്യമിട്ട്, ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന ചില അസംസ്കൃത വസ്തുക്കൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ഉയർന്ന ചുങ്ക ഭീഷണി നേരിടുന്ന ഇന്ത്യൻ ലെതർ കമ്പനികൾക്ക് ഈ തീരുമാനം ആശ്വാസമാകും.
വില കൂടുന്ന ഉൽപ്പന്നങ്ങൾ
ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്ക തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വില വർധിക്കും. ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ, ക്യാമറ, ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉപകരണങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.
വളങ്ങൾക്ക് വില വർധന സാധ്യത
രാസവള നിർമ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയ്ക്ക് നൽകിയിരുന്ന താരിഫ് ഇളവ് പിൻവലിച്ചതോടെ ചില വളങ്ങളുടെ വില ഉയരാനാണ് സാധ്യത.

