കോൺഗ്രസുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ശശി തരൂർ ഈ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രാഷ്ട്രീയ വിസ്മയമായി മാറാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് വിട്ട് ഇടതു പാളയത്തിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പാണെന്ന് സൂചന. തരൂരിനെ ചേർത്ത് നിർത്താൻ സിപിഎം നീക്കം ആരംഭിച്ചിരിക്കുകയാണ്. ദുബായ് കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നേക്കും. ഒരു വ്യവസായ പ്രമുഖനാണ് തരൂരുമായി ചർച്ചകൾ നടത്തുന്നത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ദുബായിലെ വ്യവസായ പ്രമുഖനാണ് തരൂരുമായുള്ള ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്. ഇതു സംബന്ധിച്ച വാർത്തകൾ തരൂർ ക്യാമ്പ് തള്ളുന്നില്ല. കോൺഗ്രസ് നേതൃത്വവുമായുള്ള അകൽച്ച ഇപ്പോൾ വർദ്ധിച്ച സാഹചര്യത്തിൽ ഇനി തുടരണമോ എന്ന ചോദ്യം തരൂരുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെയും നരേന്ദ്രമോദിയേയും പ്രശംസിച്ചും കേന്ദ്രസർക്കാറിന്റെ വേദികളിൽ പങ്കെടുത്തും തരൂർ നിരന്തരം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാ
ണ്. കൊച്ചിയിൽ മഹാ പഞ്ചായത്തിലെ വേദിയിൽ കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായി എന്നാണ് തരൂർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് ചർച്ചകളിൽ തരൂരിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ദുബായിൽ നടക്കുന്ന ചർച്ച നിർണായകമാകമെന്നാണ് സൂചന.
ശശി തരൂർ സിപിഎമ്മിലേക്ക്? ദുബായ് കേന്ദ്രീകരിച്ച് നിർണായക ചർച്ച
