പത്തനംതിട്ട: ക്ഷേത്രത്തിൽ പൂജ നടത്താൻ ഭക്തയിൽ നിന്നും കൈക്കൂലി വാങ്ങിയ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറെ സസ്പെന്റ് ചെയ്തു. തിരുവല്ല ഗ്രൂപ്പിന് കീഴിലെ മാന്നാർ തൃക്കൊരട്ടി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ശ്രീനിവാസനെയാണ് ബുധനാഴ്ച സസ്പെന്റ് ചെയ്തത്. ഉച്ചയോടെ യാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
ബുധനൂർ കുന്നത്തൂർ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനായി ഒരു ഭക്തയിൽ നിന്നും ഇന്ന് രാവിലെ (ബുധൻ) 5,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. ഉടമസ്ഥാവകാശ തർക്കം നില നിന്നിരുന്ന ബുധനൂർ കുന്നത്തൂർ ക്ഷേത്രം ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. ഈ ക്ഷേത്രത്തിന്റെ റിസീവറായി ശ്രീനിവാസനെയാണ് ദേവസ്വം ബോർഡ് നിയോഗിച്ചത്. ക്ഷേത്ര കാര്യങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് റിസീവറെ ബോർഡ് നിയമിച്ചത്.
കൈക്കൂലി വാങ്ങുന്നതിനിടെ റിസീവർ ആയ ശ്രീനിവാസനെ വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു. വിവരം വിജിലൻസ് ബോർഡ് അധികൃതർക്ക് കൈമാറി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീനിവാസനെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ ദേവസ്വം അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം വകുപ്പ് തലത്തിൽ വിശദ അന്വേഷണവും തുടങ്ങി.

